Advertisement

ഇറാഖില്‍ സുരക്ഷാസൈന്യവും പ്രക്ഷോഭകരും ഏറ്റുമുട്ടി; രണ്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്

January 18, 2020
Google News 2 minutes Read

ഇറാഖില്‍ സുരക്ഷാസൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പ്രക്ഷോഭക്കാര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേറ്റു. സമരക്കാരെ പിരിച്ചുവിടാനുളള ശ്രമത്തിന്റെ ഭാഗമായി പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതോടെയാണ് പ്രക്ഷോഭം അക്രമാസക്തമായത്. തലസ്ഥാന നഗരമായ ബാഗ്ദാദിലെ സിനാക് പാലത്തിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു പ്രക്ഷോഭക്കാര്‍ക്ക് നേരെയുള്ള പൊലീസിന്റെ കണ്ണീര്‍വാതക പ്രയോഗം.

സുരക്ഷാസൈന്യം സ്ഥാപിച്ച സിമന്റ് കട്ടകള്‍ മറികടക്കാനുള്ള പ്രക്ഷോഭക്കാരുടെ ശ്രമം തടയാന്‍ സുരക്ഷാസേന ചെറു ബോംബുകള്‍ എറിഞ്ഞതായും മനുഷ്യാവകാശപ്രവര്‍ത്തകര്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോട് വ്യക്തമാക്കി. മരിച്ചവരിലൊരാളുടെ കഴുത്തിന് നേരെ കണ്ണീര്‍വാതകം സൂക്ഷിക്കുന്ന സിലിണ്ടര്‍ വന്ന് പതിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

സിനാക് പാലത്തില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച സമരക്കാരെ തടയാനുള്ള മണിക്കൂറുകള്‍ നീണ്ട ശ്രമമാണ് രണ്ട് പേരുടെ മരണത്തില്‍ കലാശിച്ചതെന്നാണ് പ്രധാനമന്ത്രിയുടെ വക്താവ് നല്‍കുന്ന വിശദീകരണം. തലസ്ഥാനനഗരിയിലേക്കുള്ള കവാടം കൂടിയായ സിനാക് പാലം മാസങ്ങളായി നടന്നു വരുന്ന പ്രക്ഷോഭത്തെത്തുടര്‍ന്ന് അടഞ്ഞുകിടക്കുകയാണ്. ഭരണമാറ്റവും പുതിയ തെരഞ്ഞെടുപ്പുമാവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് ഇറാഖില്‍ പ്രക്ഷോഭമാരംഭിച്ചത്. ഇതിനകം 450 ആളുകള്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടു.

 

Story Highlights- Security forces and militants clashed in Iraq Two deaths, many injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here