83 ശതമാനം പൊസഷനും 1000ൽ പരം പാസുകളും; മനം നിറച്ച് സെറ്റിയന്റെ ബാഴ്സലോണ

ഏണസ്റ്റോ വാൽവെർദയ്ക്ക് പകരക്കാരനായി മുൻ റയൽ ബെറ്റിസ് പരിശീലകൻ ക്വിക്കെ സെറ്റിയൻ എത്തിയതു മുതൽ ബാഴ്സലോന ആരാധകർ ആകാംക്ഷയിലായിരുന്നു. വാൽവെർദെ കാലത്ത് അന്യം നിന്നു പോയ ടിക്കി ടാക്ക ശൈലി സെറ്റിയൻ തിരികെ കൊണ്ടു വരുമെന്നായിരുന്നു പ്രതീക്ഷ. പൊസിഷൻ ഫുട്ബോളിൻ്റെ വക്താവായ സെറ്റിയൻ ആ പ്രതീക്ഷകളൊക്കെ നിറവേറ്റുന്ന കാഴ്ചക്കാണ് ഗ്രനാഡക്കെതിരായ മത്സരം സാക്ഷ്യം വഹിച്ചത്.
മത്സരത്തിൽ 83 ശതമാനം പന്തടക്കമാണ് ബാഴ്സലോണ കാഴ്ച വെച്ചത്. ആകെ 18 ഷോട്ടുകൾ ഉതിർത്തതിൽ ആറെണ്ണം ഓൺ ടാർഗറ്റ്. 91 ശതമാനം കൃത്യതയിൽ 1002 പാസുകൾ കറ്റാലൻ സംഘം നെയ്തു. ഒരൊറ്റ ഗോൾ മാത്രമാണ് അടിക്കാൻ സാധിച്ചതെങ്കിലും ആരാധകരുടെ മനം നിറഞ്ഞ കളി തന്നെയാണ് ബാഴ്സലോണ പുറത്തെടുത്തത്. പെപ് ഗ്വാർഡിയോള പരിശീലകനായിരുന്ന ഗോൾഡൻ കാലഘട്ടത്തിനു ശേഷം ഇത്ര ക്ലിനിക്കലായ ബാഴ്സ ഇതാദ്യമാണ്. വൺ ടച്ച് പാസുകളിലൂടെ വല നെയ്ത് എതിരാളികളെ മാനസികമായി തളർത്തി ഗോൾ നേടുന്ന ബാഴ്സ സെറ്റിയൻ്റെ കീഴിൽ തിരികെ വരുമെന്നാണ് പ്രതീക്ഷ.
മറ്റൊരു കാര്യം, ബാഴ്സ നിരയിൽ മിഡ്ഫീൽഡ് ജനറലായി സെർജിയോ ബുസ്കറ്റ്സ് പുറത്തെടുത്ത പ്രകടനമാണ്. വാൽവെർദെയുടെ കീഴിൽ ബുസ്കറ്റ്സിനു കാര്യമായി തിളങ്ങാൻ സാധിച്ചിരുന്നില്ല. എന്നാൽ തൻ്റെ ശൈലിയുമായി ഒത്തു പോകുന്ന സെറ്റിയനെ കിട്ടിയ ബുസ്കറ്റ്സ് ആദ്യ കളിയിൽ തന്നെ മത്സരത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തു. മത്സരത്തിൽ ഏറ്റവുമധികം പാസുകളും സീസണിലെ ഒരു മത്സരത്തിൽ ഏറ്റവുമധികം പാസുകളും നൽകിയ താരമെന്ന റെക്കോർഡുകൾ കൂടി ബുസ്കറ്റ്സ് ഗ്രനാഡക്കെതിരെ സ്വന്തമാക്കി.
രണ്ടര വർഷത്തേക്കാണ് സെറ്റിയൻ്റെ കരാർ. റേസിംഗ്, അത്‌ലറ്റികോ മാഡ്രിഡ്, ലെവാൻ്റെ തുടങ്ങിയ ടീമുകളിൽ കളിച്ച് കരിയർ ആരംഭിച്ച സെറ്റിയൻ സ്പാനിഷ് ദേശീയ ടീമിലും കളിച്ചിട്ടുണ്ട്. 2001ൽ റേസിംഗിൻ്റെ കോച്ചിംഗ് ഏറ്റെടുത്തു കൊണ്ടാണ് അദ്ദേഹം പരിശീലന രംഗത്തേക്ക് എത്തുന്നത്.
Story Highlights: FC Barcelona
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here