ലോകേഷ് രാഹുലിന്റെ വൈവിധ്യം; തിരിച്ചടി പന്തിനും സഞ്ജുവിനും

ഇന്ത്യൻ ടീമിൻ്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന റോളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഒടുവിൽ ഉത്തരമാകുന്നു. ലോകകപ്പിനു ശേഷം പിന്നീടിങ്ങോട്ട് സെലക്ഷൻ കമ്മറ്റിയും ബിസിസിഐയും പ്രതിരോധത്തിലായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റോളിൽ തീരെ പ്രതീക്ഷിക്കാത്ത ഒരു താരമാണ് ഇരിപ്പുറപ്പിക്കുന്നത്. ഋഷഭ് പന്തും സഞ്ജു സാംസണും എന്നീ രണ്ട് ഓപ്ഷനുകൾക്കപ്പുറത്ത് ലോകേഷ് രാഹുൽ എന്ന കർണാടകക്കാരനിൽ ആ റോൾ നിക്ഷിപ്തമാവുമെന്ന ഏകദേശ ധാരണയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. അതിന് പന്തിനു പരുക്ക് പറ്റേണ്ടി വന്നു.
ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം ഒരു തരത്തിൽ രണ്ട് താരങ്ങളുടെ കരിയറിനാണ് ഭീഷണിയായത്. ഋഷഭ് പന്തും സഞ്ജു സാംസണും ഇനി ഇന്ത്യൻ ടീമിൻ്റെ ഫൈനൽ ഇലവനിൽ എത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാവും. ആദ്യ മത്സരത്തിൽ പരുക്കേറ്റ ഋഷഭ് പന്തിനു പകരം രണ്ടാം മത്സരത്തിൽ ബാക്കപ്പ് കീപ്പറെ പ്രഖ്യാപിക്കാതിരുന്നത് കടുത്ത പ്രതിഷേധങ്ങൾക്കിടയാക്കി. പ്രതിഷേധങ്ങൾക്കിടയിലും ലോകേഷ് രാഹുൽ വിക്കറ്റ് കീപ്പറായും അഞ്ചാം നമ്പർ ബാറ്റ്സ്മാനായും കളത്തിലിറങ്ങി. ഋഷഭ് പന്തിന് എടുത്താൽ പൊങ്ങാത്ത ആ റോൾ ഒരു എക്സ്പേർട്ടിൻ്റെ അനായാസതയോടെ ലോകേഷ് രാഹുൽ രാജ്കോട്ടിൽ കെട്ടഴിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി 52 പന്തുകളിൽ 80 റൺസെടുത്ത് ടോപ്പ് സ്കോററായ രാഹുൽ വിക്കറ്റ് കീപ്പിംഗ് ഗ്ലൗ അണിഞ്ഞപ്പോഴും നിരാശപ്പെടുത്തിയില്ല. ഫിഞ്ചിനെ രാഹുൽ സ്റ്റമ്പ് ചെയ്ത രീതി പന്തിനെ കണ്ടു മടുത്ത ക്രിക്കറ്റ് ആരാധകർക്ക് പുതുമയായി.
മത്സരത്തിൽ ഇന്ത്യ 36 റൺസിനു ജയിക്കുകയും രാഹുൽ കളിയിലെ താരമാവുകയും ചെയ്തു. പരുക്കു മാറി മടങ്ങിയെത്തിയ പന്തിനെ രഞ്ജി കളിക്കാനായി മടകി അയച്ച ടീം ഇന്ത്യ വിക്കറ്റ് കീപ്പർ റോൾ രാഹുലിനു തന്നെ നൽകി. അവിടെയും തെറ്റിയില്ല. വിക്കറ്റിനു പിന്നിൽ രണ്ട് ക്യാച്ചുകളാണ് രാഹുൽ എടുത്തത്. ധവാനു പരുക്കു പറ്റിയതോടെ രാഹുൽ ഓപ്പണറായി ഇറങ്ങി. 19 റൺസ് എടുത്ത് പുറത്തായെങ്കിലും ആദ്യ വിക്കറ്റിൽ രോഹിതുമായി 69 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയാണ് അദ്ദേഹം മടങ്ങിയത്. ഇന്ത്യ മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കി.
മത്സരത്തിനു ശേഷമുള്ള പത്ര സമ്മേളനത്തിലാണ് കോലി വിഷയത്തിലെ നിർണ്ണായക തീരുമാനം വെളിപ്പെടുത്തിയത്. കുറച്ച് നാളത്തേക്ക് ലോകേഷ് രാഹുലിനെ വിക്കറ്റ് കീപ്പറായി പരീക്ഷിക്കുമെന്ന നായകൻ്റെ പ്രഖ്യാപനത്തോടെ സഞ്ജുവും പന്തും റഡാറിൽ നിന്നു തന്നെ പുറത്താവുകയാണ്. രാഹുൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാവുമ്പോൾ ഒരു അധിക ബാറ്റ്സ്മാനെ ടീമിൽ ഉൾപ്പെടുത്താമെന്ന ലക്ഷ്വറിക്കൊപ്പം ബാറ്റിംഗ് ഓർഡറിൽ എവിടെ വേണമെങ്കിലും കളിപ്പിക്കാവുന്ന ഒരു മൾട്ടി ഡയമൻഷണൽ കളിക്കാരനെക്കൂടിയാണ് ഇന്ത്യക്ക് ലഭിക്കുന്നത്. ശിഖർ ധവാൻ ഗംഭീര ഫോമിലായതു കൊണ്ട് തന്നെ വരുന്ന പരമ്പരകളിൽ രാഹുൽ അഞ്ചാം നമ്പറിൽ തന്നെ ഇറങ്ങി അധിക ബാറ്റ്സ്മാൻ എന്ന റോൾ മനീഷ് പാണ്ഡെ കൈകാര്യം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. പന്തിനും സഞ്ജുവിനുമുള്ള സാധ്യത മറ്റ് കളിക്കാരുടെ പരുക്കിലാണുള്ളത്. ഇനിയിപ്പോ അവർ വേണമെങ്കിൽ കൂടോത്രം ചെയ്യട്ടെ, അല്ലേ.
Story Highlights: KL Rahul, Rishabh Pant, Sanju Samson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here