മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളില്ലാതെ പുതിയ റെയിൽവേ മെനു; ഉൾപ്പെടുത്തിയവയിൽ കൂടുതലും ഉത്തരേന്ത്യൻ വിഭവങ്ങൾ

ഭക്ഷണനിരക്ക് കൂട്ടിയതിന് പുറകെ മെനുവിൽ നിന്ന് കേരളത്തിന്റെ തനത് വിഭവങ്ങൾ ഒഴിവാക്കി ഇന്ത്യന്‍ റെയിൽവേ. സംസ്ഥാനത്തെ റെയിൽവേ സ്‌റ്റേഷനുകളിൽ ഏറ്റവും കൂടുതലായി വിറ്റിരുന്ന അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നീ വിഭവങ്ങളെ മെനുവിൽ നിന്ന് പുറത്താക്കി.
കൂടാതെ പഴംപൊരി, ബജി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയൻ എന്നിവയെയും മെനുവിൽ നിന്ന് റെയിൽവേ എടുത്ത് കളഞ്ഞു. പകരം പുതിയ മെനുവിൽ സമൂസ, കച്ചോരി, ആലു ബോണ്ട, സ്റ്റഫ്ഡ് പക്കോഡ എന്നിവയാണ് ഉൾപ്പെടുത്തിയത്. അതേസമയം, ഉഴുന്നുവടയെയും പരിപ്പുവടയും റെയിൽവേ മെനുവിൽ നിലനിർത്തി.
പരിഷ്‌കാരങ്ങളുടെ ഭാഗമായി നാരങ്ങാ വെളളം ഉൾപ്പെടെയുള്ള പാനീയങ്ങളും സ്റ്റാളുകളിൽ നിന്ന് ഒഴിവാക്കി. ട്രെയിനിലെ ഭക്ഷണനിരക്ക് കൂട്ടിയതിനിന് പുറമേ സ്റ്റാളുകളിലെ ഭക്ഷണനിരക്കും വർധിപ്പിച്ചിട്ടുണ്ട്. ഊണിന് വില 35 രൂപയിൽ നിന്ന് ഒറ്റയടിക്ക് ഇരട്ടിയാക്കി. എട്ടര രൂപയുടെ ഉഴുന്നുവടയ്ക്കും പരിപ്പുവടയ്ക്കും ഏഴര രൂപ കൂട്ടി.
അതേസമയം ഉത്തരേന്ത്യൻ പലഹാരങ്ങളായ ആലൂ ബോണ്ട, കച്ചോരി, സമൂസ എന്നിവയ്ക്ക് രണ്ട് എണ്ണത്തിന് ഇരുപത് രൂപയാണ് നിരക്ക്. അതുകൊണ്ട് തന്നെ ഉത്തരേന്ത്യൻ വിഭവങ്ങൾ അടിച്ചേൽപ്പിക്കുന്നുവെന്ന പരാതി പരക്കെയുണ്ട്. ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷനാണ് റെയിൽവേ മെനു പരിഷ്‌കരിച്ചത്.
indian railway
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here