Advertisement

ഷഹീൻ ബാഗിലെ സൈമയും പൊലീസിനെ കുഴപ്പിക്കുന്ന സ്ത്രീകളും; തോമസ് ഐസക്ക് എഴുതുന്നു

January 20, 2020
1 minute Read

ഡൽഹിയിലെ ഷഹീൻ ബാഗിൽ പൗരത്വ നിയമഭേദഗതിക്കെതിരെ സ്ത്രീകൾ നടത്തുന്ന സമരം ചരിത്രപരമായ അടയാളപ്പെടുത്തലായി മാറുകയാണ്. തണുപ്പിലും ചൂടിലും ആ തെരുവിലിരുന്ന് ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകൾ ഇന്ത്യയുടെ സമരമുഖത്തിനു തന്നെ ഉദാഹരണമാവുകയാണ്. കേരള ധനകാര്യമന്ത്രി തോമസ് ഐസക്ക് ഷഹീൻ ബാഗിലെ സമരം സന്ദർശിക്കുകയും ഫേസ്ബുക്കിൽ അതേപ്പറ്റി വിശദമായ കുറിപ്പെഴുതുകയും ചെയ്തിട്ടുണ്ട്.

തോമസ് ഐസക്കിൻ്റെ ഫേസ്ബുക്ക് പോസ്റ്റുകൾ:

ഒരു സംശയവുമില്ല. പൌരത്വനിയമ ഭേദഗതിയ്ക്കെതിരെ രാജ്യത്ത് ആഞ്ഞടിക്കുന്ന പ്രതിഷേധക്കൊടുങ്കാറ്റിന്റെ സിരാകേന്ദ്രം ദൽഹിയിലെ ഷഹീൻ ബാഗ് തന്നെയാണ്. കൊടുംതണുപ്പിൽ പുലർച്ചയ്ക്കുപോലും അയ്യായിരത്തോളം പേർ എല്ലാ ദിവസവും തെരുവിലുണ്ട്. ഒന്നും രണ്ടും ലക്ഷംപേർ അണിനിരന്ന സായാഹ്നങ്ങളും കുറവല്ല. അത്ര വലിയ മൈതാനമൊന്നുമില്ല ഈ സ്ഥലം. നോയിഡയിലേയ്ക്കുള്ള ദേശീയപാതയുടെ ഏതാണ്ട് ഒരു കിലോമീറ്റർ നീളം ജനങ്ങൾ കൈയടക്കിയിരിക്കുകയാണ്.

രണ്ടായിരത്തോളംപേർക്ക് ഇരിക്കാൻ പറ്റുന്ന ഒരു പന്തലിലാണ് സ്റ്റേജ്. അവിടെ നിരന്തരമായി പ്രസംഗങ്ങളും കലാപ്രകടനങ്ങളും അരങ്ങേറുന്നു. തെരുവിൽ എവിടെ വേണമെങ്കിലും കലാപ്രകടനങ്ങളാകാം. പ്രസംഗിക്കാം. റോഡിന് ഒരു വശം നീളത്തിൽ കുട്ടികൾക്കുള്ള പരിപാടികളാണ്. ഷഹീൻ ബാഗിലൊന്നു വന്ന് കുറച്ചുനേരം ചുറ്റി നടക്കുക എന്നു പറയുന്നതുതന്നെ പല പ്രതിഷേധക്കാർക്കും ദിനചര്യയുടെ ഭാഗമാണ്. അനേകം ഗ്രൂപ്പുകൾ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നുണ്ട്. ഏറ്റവും ജനപ്രീതി പഞ്ചാബിലെ സിക്ക് കർഷകഗ്രൂപ്പ് ആരംഭിച്ചിരിക്കുന്ന ലങ്കാറിനാണ്. അവിടെ സദാ ചൂടു ചപ്പാത്തി കിട്ടും. പണ്ട് വൈക്കം സത്യാഗ്രഹത്തിനും ഇതുപോലെ ലങ്കാറുമായി പഞ്ചാബികൾ എത്തിയിരുന്ന കാര്യം ഞാനോർമ്മിച്ചു.

സമരക്കാരിൽ ഭൂരിപക്ഷവും സ്ത്രീകളാണ്. പന്തൽ നിറഞ്ഞ് അവരുണ്ട്. പോലീസിന്റെ തലവേദനയും അവരാണ്. ഏതാനും ആയിരം സ്ത്രീകളെ വേണമെങ്കിൽ അറസ്റ്റു ചെയ്തു നീക്കം ചെയ്യാമെന്നു വെയ്ക്കാം. പതിനായിരക്കണക്കിന് സ്ത്രീകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പോലീസിന് ഒരു രൂപവുമില്ല. സ്ത്രീകൾ വെറുതേ ഇരിക്കുകയല്ല. ആർപ്പുവിളിയും മുദ്രാവാക്യവും കൈകൊട്ടിപ്പാട്ടുമൊക്കെയുണ്ട്. ഒരു പതിറ്റാണ്ടു മുമ്പ് പാശ്ചാത്യരാജ്യങ്ങളിൽ പ്രതിഷേധക്കൊടുങ്കാറ്റായി പടർന്നുപിടിച്ച ഒക്യൂപൈ വാൾസ്ട്രീറ്റ് കൂട്ടായ്മയെ അനുസ്മരിപ്പിക്കുന്നതാണ് ഷഹീൻ ബാഗിലെ പ്രതിഷേധം.

മറ്റൊരു പ്രത്യേകത പ്രത്യേകമായി നേതാക്കളൊന്നുമില്ല, ഈ സമരക്കൂട്ടായ്മയ്ക്ക്. ചോദിച്ചാൽ, നേതാക്കളില്ല എന്നാണ് മറുപടി. എന്നാൽ ഒട്ടേറെ വക്താക്കളുണ്ട്. അവർ ചേർന്ന് ഒരു കോഡിനേഷൻ കമ്മിറ്റിയ്ക്ക് രൂപം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളും പൗരപ്രമുഖരുമൊക്കെ അടങ്ങുന്ന ടീമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ഇത്രയുംപേർ ദിവസംതോറും ഒത്തുകൂടിയിട്ടും ഒരു ക്രമസമാധാനപ്രശ്നങ്ങളുമില്ല. അത്രയ്ക്ക് അച്ചടക്കത്തോടെയാണ് സംഘടാനം. ഞാൻ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ കുറച്ചുപേർ കൂടി സ്റ്റേജിലേയ്ക്കു വരാൻ ശ്രമിക്കുന്നുണ്ടായിരുന്നു. സദസിനു മുന്നിൽ നിന്നിരുന്ന ഒരാൾ ഏതാനും പ്രാവശ്യം കൈവീശി അവരോട് പുറത്തേയ്ക്കു മാറാൻ ആവശ്യപ്പെട്ടു. അവർ അനുസരിക്കുകയും ചെയ്തു.

എനിക്കൊപ്പം വന്ന വോളണ്ടിയർ പറഞ്ഞത്, പ്രസംഗകരുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ വെയ്ക്കുന്നുണ്ടെന്നാണ്. ദൽഹി ഇലക്ഷനല്ലേ, അതുകൊണ്ട് ദൽഹി രാഷ്ട്രീയക്കാരെ പൊതുവിൽ മാറ്റി നിർത്തിയിരിക്കുകയാണ്. മുസ്ലിം തീവ്രവാദ മുദ്രാവാക്യങ്ങളും പ്രഭാഷണങ്ങളും ഒഴിവാക്കാൻ ബോധപൂർവം ശ്രമിക്കുന്നുണ്ട്. എല്ലാവരുടെയും സമരം എന്നതാണ് നിലപാട്. പക്ഷേ, ഷഹാനാ ബാഗ് മുസ്ലിം ഭൂരിപക്ഷപ്രദേശമാണ്. സ്വാഭാവികമായും സമരത്തിൽ പങ്കെടുക്കുന്നവരിൽ ഭൂരിപക്ഷവും മുസ്ലിങ്ങൾ തന്നെ.

ഏറ്റവും വലിയ തലവേദന ആൾക്കൂട്ടത്തിനിടയിൽ അഞ്ചാംപത്തികൾ നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കുമോ എന്നാണ്. കല്ലുമായി ഒരു ചെറു ആർഎസ്എസ് സംഘത്തെ പിടികൂടിയതിനു ശേഷം ഇക്കാര്യത്തിൽ വലിയ ജാഗ്രതയാണ്.
ഷഹീൻ ബാഗിന്റെ സ്വാധീനം ഇന്ത്യയാകെ പടരുകയാണ്. ഇപ്പോൾ വടക്കേ ഇന്ത്യയിൽ ഇതുപോലെ പതിനേഴ് ഇടങ്ങളിൽ ഇതുപോലെ സ്ഥിരമായ ജനകീയ കൂട്ടായ്മകൾ രൂപം കൊണ്ടിട്ടുണ്ട്. മുംബെയിലെ ഇന്ത്യാഗേറ്റിൽ തുടങ്ങിയത് തുടരാൻ കഴിഞ്ഞില്ല. എന്നാൽ, ഡെൽഹിയിലെ പല സ്ഥലങ്ങളിലും ബീഹാറിലുമൊക്കെ പുതിയ ഷഹീൻ ബാഗുകൾ രൂപം കൊള്ളുകയാണ്.

വിദ്യാർത്ഥികളും സ്ത്രീകളും വൻതോതിൽ അണിനിരക്കുന്ന ഈ കൂട്ടായ്മകൾ പൗരത്വനിയമ ഭേദഗതിയ്ക്കെതിരെയുള്ള ഇന്ത്യയുടെ ആശങ്കയും അമർഷവും പ്രതിഫലിപ്പിക്കുന്നു. കേന്ദ്രസർക്കാരും ബിജെപിയും ഈ ജനവികാരത്തിനു കീഴടങ്ങുന്ന കാലം വിദൂരമല്ല.

ഷാഹിൻബാഗിലെ സ്ത്രീകൾ മനുഷ്യകവചമായി പ്രക്ഷോഭകർ ഉപയോഗിക്കുകയാണെന്നാണ് ബിജെപിയുടെ വിമർശനം. പുരുഷൻമാർ ആട്ടിയിറക്കി തെരുവിൽ അണിനിരത്തിയിരിക്കുന്നതാണത്രെ അവരെ. അങ്ങനെയല്ലെന്നു കാണാൻ മുന്നിൽ നിരന്ന് ഇരിക്കുന്ന ആ വലിയ പെൺകൂട്ടത്തിന്റെ മുഖങ്ങളൊന്നു കണ്ടാൽ മതി. ഞാൻ പറഞ്ഞതു മുഴുവൻ സോണിയയുടെ തർജ്ജിമ വരുന്നതുവരെ അവർക്കു പൂർണ്ണമായി മനസ്സിലായിക്കാണണമെന്നില്ല. പക്ഷെ, ഓരോ വാചകത്തിലും കിട്ടിയ പ്രതികരണവും സോണിയയുടെ തർജ്ജിമയെത്തുർന്നുള്ള ആരവവും എന്നെ അത്ഭുതപ്പെടുത്തി. പിന്നെ എന്തെങ്കിലും സംശയം അവശേഷിച്ചിരുന്നെങ്കിൽ അത് സൈമയുമായി പരിചയപ്പെട്ടതോടെ തീർന്നു.

സൈമ ഇപ്പോൾ ഷാഹിൻബാഗിന്റെ വക്താക്കളിൽ ഒരാളാണ്. സോണിയയാണ് സൈമയെ പരിചയപ്പെടുത്തിയത്. പത്താംതരം വരെയേ പഠിച്ചിട്ടുള്ളൂ. പക്ഷെ, തന്റേടത്തോടെ എന്നോട് മുറി ഇംഗ്ലീഷിൽ സംസാരിക്കുന്നതിന് ഒരു സഭാകമ്പവും ഉണ്ടായില്ല. ഹൈസ്കൂളിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ അമ്മയാണ്. ഭർത്താവ് ഒരു ചെറുകിട കോൺട്രാക്ടറും. സമരത്തിന്റെ തുടക്കത്തിൽ കൗതുകംകൊണ്ടു വന്നതാണ്. പിന്നെ അതു പതിവായി. കാര്യങ്ങൾ പഠിച്ചു. എൻഡിടിവിയിൽ രാവിഷ്കുമാറിന്റെ പരിപാടിയിലെ പ്രകടനത്തോടെ ഷാഹിൻബാഗിന്റെ വക്താവുമായി.

എന്തുകൊണ്ടാണ് ഇത്രയധികം സ്ത്രീകൾ ഇവിടെ തടിച്ചുകൂടിയിരിക്കുന്നതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം അവർക്ക് ഉണ്ടായിരുന്നു. നാളെ എന്തു സംഭവിക്കുമെന്ന ഉത്കണ്ഠയാണ് അവരെ ഇവിടെക്കൊണ്ടു വന്നത്. അതിനു സിഎഎ അവരെ ബാധിക്കില്ലല്ലോ എന്നായി ഞാൻ. സൈമ കുറച്ചു ദേഷ്യത്തിലായി. സിഎഎ അല്ല അതിനുശേഷം വരാൻ പോകുന്ന എൻആർസിയിലാണ് അപകടം. ആ ലിസ്റ്റിൽ നിങ്ങൾ പെട്ടില്ലെങ്കിൽ പിന്നെ സിഎഎ നിയമപ്രകാരം തെളിവുകൾ ഹാജരാക്കണം. അല്ലെങ്കിൽ തടങ്കൽ പാളയത്തിൽ പോകണം. ഇതൊന്നും ഉണ്ടായില്ലെങ്കിലും ഏതൊരു ഗുണ്ടയ്ക്കും നിങ്ങളെ തടഞ്ഞു നിർത്തി പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടാം. പശുവിനെയുംകൊണ്ടു നടന്നാൽ കൊല്ലണമെന്ന് നിയമുണ്ടോ സാർ? ഇങ്ങനെപോയി സൈമയുടെ സംസാരം. ഇത്തരമൊരു സ്ത്രീയെ പാവയായി കരുതുന്നവരെക്കുറിച്ച് എന്തുപറയാൻ?

ഈ സൈമ പൂർണ്ണസമയം ഷാഹിൻബാഗിലെ സമരപ്പന്തലിലാണ്. സ്റ്റേജിൽ പലപ്പോഴും അരങ്ങേറുന്ന ഒരു പരിപാടിയുണ്ട്. ആർക്കു വേണമെങ്കിലും സംശയങ്ങൾ ചോദിക്കാം. അതിനു മുതിർന്നവർ മറുപടി പറയും. സൈമ അത്തരമൊരു അധ്യാപിക കൂടിയാണ്. സൈമയെപ്പോലെ ഒട്ടനവധി സ്ത്രീകൾ നായികസ്ഥാനത്തേയ്ക്ക് ഉയർന്നിട്ടുണ്ട്. ഷാഹിൻബാഗിലെ ശബ്ദങ്ങൾ എന്ന പേരിൽ സോണിയ ഇവരെക്കുറിച്ചെല്ലാം ഒരു സമാഹാരം തയ്യാറാക്കാൻ തീരുമാനിച്ചിട്ടുണ്ടത്രെ. പിരിയും മുമ്പ് സൈമ എനിക്കൊരു ഉപദേശവും നൽകി. ഹിന്ദി പഠിക്കണം കേട്ടോ.

(ചിത്രത്തിൽ നടുക്കുള്ള സ്ത്രീ സൈമ, അപ്പുറം പ്രൊഫ. സോണിയ)

(തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ച രണ്ട് പോസ്റ്റുകൾ)

Story Highlights: CAA, NRC, Facebook Post, Thomas Isaac

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top