ബാസ്‌ക്കറ്റ്ബോളില്‍ മികച്ച താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ‘ഹൂപ്‌സ്’ പദ്ധതി

ചെറുപ്രായത്തില്‍ തന്നെ പ്രതിഭാശാലികളെ കണ്ടെത്തി ബാസ്‌ക്കറ്റ്‌ബോളില്‍ മികച്ച താരങ്ങളായി വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള കായിക വകുപ്പിന്റെ പരിശീലന പദ്ധതി ഹൂപ്‌സിന് തുടക്കമായി. തിരുവനന്തപുരം ജില്ലയിലെ തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു.
ആദ്യഘട്ടം അഞ്ച് ജില്ലകളിലെ 10 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ബാസ്‌ക്കറ്റ് ബോളിന് നല്ല സാധ്യതയുള്ള കേരളത്തില്‍നിന്ന് ലോകനിലവാരമുള്ള താരങ്ങളെ സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടത്തില്‍ പദ്ധതി മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കും.
തിരുവനന്തപുരം ജില്ലയില്‍ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, നെല്ലിമൂട് സെന്റ് ക്രിസോസ്റ്റം ഗേള്‍സ് സ്‌കൂള്‍, കൊല്ലം ജില്ലയില്‍ ഗവണ്‍മെന്റ് മോഡല്‍ വിഎച്ച്എസ്എസ്, ഗവണ്‍മെന്റ് എച്ച്എസ്എസ് അഞ്ചല്‍ വെസ്റ്റ്, തൃശൂര്‍ ജില്ലയില്‍ ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കൊരട്ടി, മാതാ ഹൈസ്‌കൂള്‍ മണ്ണംപേട്ട, കോഴിക്കോട് ജില്ലയില്‍ സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസ് തിരുവമ്പാടി, ജിഎച്ച്എസ്എസ് കാരപ്പറമ്പ്, കണ്ണൂര്‍ ജില്ലയില്‍ ഐഎംഎന്‍എസ് ജിഎച്ച്എസ്എസ് മയ്യില്‍, കരിവള്ളൂര്‍ എവി സ്മാരക ഗവണ്‍മെന്റ് എച്ച്എസ്എസ് എന്നീ 10 കേന്ദ്രങ്ങളിലാണ് പദ്ധതി തുടങ്ങുന്നത്.
ഓരോ കേന്ദ്രത്തിലും 120 കുട്ടികളെ വീതം തെരഞ്ഞെടുക്കും. വിദഗ്ധരുടെ കീഴില്‍ ലോകനിലവാരമുള്ള പരിശീലനം നല്‍കും. ആവശ്യമായ ഉപകരണങ്ങളും ലഭ്യമാക്കും. കായിക മേഖലക്ക് സംസ്ഥാന സര്‍ക്കാര്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. അഭിരുചിയുള്ള മേഖലകളില്‍ കുട്ടികളെ കണ്ടെത്തി മികച്ച പരിശീലനം നല്‍കുന്നതിന് സ്‌കൂളുകളില്‍ വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്.
ഫുട്‌ബോളിനായി കിക്കോഫ്, നീന്തലിനായി സ്പ്ലാഷ് എന്നീ പദ്ധതികള്‍ നടപ്പാക്കി. നിലവില്‍ 19 കേന്ദ്രങ്ങളില്‍ നടപ്പാക്കിയ ഫുട്‌ബോള്‍ പരിശീലന പദ്ധതി കിക്കോഫ് 15 കേന്ദ്രങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. അത്‌ലറ്റിക്‌സ് പരിശീലനത്തിനുള്ള സ്പ്രിന്റ് പദ്ധതി ഉടന്‍ ആരംഭിക്കും.
Story highlights: basketball, SPORTS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here