ഇടുക്കിയിൽ കള്ളനോട്ടുമായി ഒരാൾ പിടിയിൽ

ഇടുക്കി വണ്ണപ്പുറത്ത് കള്ളനോട്ടുമായി ഒരാൾ പിടിയിൽ. പൊലീസിനെ കണ്ട് കള്ളനോട്ട് ഉപേക്ഷിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതിയുടെ കോതമംഗലത്തെ വീട്ടിൽ നിന്ന് നോട്ട് അച്ചടി യന്ത്രങ്ങളും കണ്ടെത്തി.
കോതമംഗലം സ്വദേശി ഷോൺ വർഗീസാണ് പിടിയിലായത്. വീട്ടിൽ ക്രമീകരിച്ച യന്ത്രത്തിൽ അച്ചടിച്ച നൂറുരൂപയുടെ കള്ളനോട്ടുകൾ മാറിയെടുക്കുന്നതിനു കോതമംഗലം -വണ്ണപ്പുറം റൂട്ടിലെ കടകളിൽ പ്രതി കയറി ഇറങ്ങി. ബിസ്ക്കറ്റ് ഉൾപ്പടെയുള്ള സാധനങ്ങൾ വാങ്ങി കള്ളനോട്ട് ചെലവഴിക്കാനുള്ള നീക്കത്തിനിടെ സംശയം തോന്നിയ വ്യാപാരി പൊലീസിൽ അറിയിക്കുകയായിരുന്നു.
പൊലീസെത്തിയതോടെ കള്ളനോട്ടുകൾ വഴിയരികിൽ ഉപേക്ഷിച്ചു കടക്കാൻ ശ്രമിച്ചെങ്കിലും പ്രതിയെ പിടികൂടി. ഇയാളിൽ നിന്ന് 20000 രൂപയുടെ കള്ളനോട്ട് കണ്ടെടുത്തു. കള്ളനോട്ട് അച്ചടിച്ച കോതമംഗലത്തെ വീട്ടിലും പൊലീസ് പരിശോധന നടത്തി. കേസിലെ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here