സിഎഎ, എൻആർസി; ബിജെപി ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് 80 മുസ്ലീം നേതാക്കൾ രാജിവച്ചു

സിഎഎ, എൻആർസി അടക്കമുള്ള വിഷയങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ച് മധ്യപ്രദേശിൽ 80 മുസ്ലീം നേതാക്കൾ രാജിവച്ചു. ബിജെപിയുടെ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നാണ് നേതാക്കൾ രാജിവച്ചത്. സിഎഎയും എൻആർസിയും നടപ്പാക്കുന്നത് മുസ്ലീം വിഭാഗങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നേതാക്കൾ രാജിവച്ചതെന്നാണ് റിപ്പോർട്ട്.
ഇൻഡോർ, ഘാർഗോൺ, ദേവാസ് എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളാണ് രാജിവച്ചവരിൽ അധികവും. ഹിന്ദു-മുസ്ലീം വിഭാഗങ്ങൾ തമ്മിലുള്ള തർക്കം അവസാനിപ്പിക്കേണ്ടതുണ്ടെന്ന് രാജിവച്ച നേതാക്കൾ പറയുന്നു. രാജ്യം അനുഭവിക്കുന്ന സാമ്പത്തിക പ്രശ്നങ്ങളിലേയ്ക്കും തൊഴിലില്ലായ്മയിലേയ്ക്കുമാണ് ശ്രദ്ധതിരിക്കേണ്ടതെന്നും നേതാക്കൾ പറയുന്നു.
അതേസമയം, ന്യൂനപക്ഷ മോർച്ചയിൽ നിന്നുള്ള നേതാക്കൾ രാജിവച്ചതായുള്ള വാർത്തകളെക്കുറിച്ച് അറിയില്ലെന്ന് മധ്യപ്രദേശ് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ വർഗിയ പറഞ്ഞു. ആരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ട് അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അവരുമായി പാർട്ടി സംസാരിക്കുമെന്നും കൈലാഷ് കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here