സാമ്പത്തികത്തട്ടിപ്പും നാടുവിടലും; യുഎഇ കോടതികളുടെ വിധി ഇനി ഇന്ത്യയിലും നടപ്പാകും

യുഎഇ കോടതികൾ സിവിൽ കേസുകളിൽ പുറപ്പെടുവിക്കുന്ന വിധികൾ ഇനി ഇന്ത്യയിലും നടപ്പാക്കും.കേന്ദ്ര നിയമകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് പുതിയ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. യുഎഇയിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തി ഇന്ത്യയിലേക്ക് കടന്നിട്ടുള്ള പ്രവാസികളെയാണ് ഈ വിജ്ഞാപനം ബാധിക്കുക.
യുഎഇ കോടതിയിലെ വിധികൾ ഇനി ഇന്ത്യയിലെ ജില്ലാ കോടതികളുടെ വിധിയായി പരിഗണിക്കാമെന്നാണ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പുതിയ വിജ്ഞാപനം വ്യക്തമാക്കുന്നത്. മുൻസിഫ് കോടതികളിൽ കക്ഷികൾ എക്സിക്യൂഷൻ പെറ്റീഷൻ നൽകിയാൽ യുഎഇ കോടതിയിൽ പുറപ്പെടുവിച്ച വിധി നടപ്പിലാകാൻ തീരുമാനമാകും. ക്രെഡിറ്റ് കാർഡ് ലോണുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ, കുടുംബ കേസുകൾ തുടങ്ങിയവയുടെ വിധികളാണ് ഇന്ത്യയിൽ നടപ്പിലാക്കാൻ അനുമതി ലഭിച്ചത്.
യുഎഇ ഫെഡറൽ സുപ്രീം കോടതി ,അബു ദാബി, ഷാർജ, അജ്മാൻ, ഫുജേറ എന്നിവിടങ്ങളിലെ ഫെഡറൽ ഫസ്റ്റ് ഇന്റസ്റ്റന്റസ് അപ്പീൽ കോടതികൾ, അബുദാബി നീതി ന്യായ വകുപ്പ്, ദുബായ് കോടതി, റാസൽഖൈമ നീതിന്യായ വകുപ്പ് എന്നിവടങ്ങളിലെ വിധികൾ ഇനി മുതൽ ഇന്ത്യയിൽ നടപ്പിലാക്കാനാകും. 10,000 കോടിയിലധികം രൂപയാണ് വിദേശ ബാങ്കുകളെ കമ്പിളിപ്പിച്ച് ചിലർ തട്ടിയെടുത്തിട്ടുള്ളത്. ഇതേത്തുടർന്നാണ് ഇത്തരത്തിൽ പുതിയ നീക്കവുമായി കേന്ദ്രം രംഗത്തെത്തിയത്.
Story Highlights: UAE, Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here