ഇബ്രാഹിംകുഞ്ഞിനെതിരായ അഴിമതി കേസ്; വിശദമായ അന്വേഷണത്തിനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ്

ഇബ്രാഹിംകുഞ്ഞിന്റെ പേരിൽ ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിലെത്തിയത് അഴിമതിപ്പണമാണോയെന്ന് അന്വേഷിക്കും. ഹൈക്കോടതിയിൽ എൻഫോഴ്‌സ്‌മെന്റാണ് നിലപാട് വ്യക്തമാക്കിയത്. ഗവർണറുടെ അനുമതി ലഭിച്ചാൽ തുടർനടപടിയെടുക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു.
നോട്ട് നിരോധന കാലത്ത് കൊച്ചി ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിലേക്ക് പത്ത് കോടി രൂപ വന്ന സംഭവം അന്വേഷിക്കണമെന്ന ഹർജിയിലാണ് എൻഫോഴ്‌സ്‌മെന്റ് നിലപാടറിയിച്ചത്. കേസ് കോടതി പരിഗണിക്കവേ തങ്ങളുടെ അക്കൗണ്ടുകൾ ഇൻകംടാക്‌സ് ഡിപ്പാർട്ട്‌മെന്റ് പരിശോധിച്ചതാണെന്നും ക്രമക്കേടുകൾ കണ്ടെത്താനായില്ലെന്നും ഹർജി അനാവശ്യമാണെന്നും ചന്ദ്രിക പത്രത്തിന്റെ അഭിഭാഷകൻ വാദിച്ചു.
എന്നാൽ, ഇൻകംടാക്‌സ് ഡിപ്പാർട്ട്‌മെന്റ് പണത്തിന്റെ സ്രോതസ് മാത്രമേ അന്വേഷിക്കൂ എന്നും ചന്ദ്രികയ്ക്ക് ലഭിച്ചത് അഴിമതിപ്പണമാണോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന് ഗവർണറുടെ അനുമതി ലഭിച്ചാലുടൻ തുടർ നടപടി സ്വീകരിക്കും. മതിയായ തെളിവുകൾ ലഭിച്ചാൽ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുമെന്നും എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here