‘കൊടകര കള്ളപ്പണം-സ്വർണക്കടത്ത് കേസുകളിൽ ഇ.ഡി നിലപാട് സംശയാസ്പദം’; വിമർശനവുമായി ദേശാഭിമാനിയും ചന്ദ്രികയും

ഇ.ഡി ഉദ്യോഗസ്ഥനെതിരായ കൈക്കൂലി കേസിൽ മുഖപ്രസംഗവുമായി ദേശാഭിമാനിയും ചന്ദ്രികയും.തുറന്നുകാട്ടപ്പെടുന്നത് ഇ.ഡിയുടെ അഴിമതി മുഖമെന്നും,
ഇ.ഡി പലപ്പോഴും തെളിവില്ലാതെ കേസുകൾ കെട്ടിച്ചമക്കുന്നുവെന്നും ദേശഭിമാനി കുറ്റപ്പെടുത്തുന്നു.കൊടകര കള്ളപ്പണക്കേസിൽ മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് കേസുകളിലും ഇ.ഡിയുടെ നിലപാട് സംശയാസ്പദമെന്നും ചന്ദ്രിക വിമർശിക്കുന്നു.
2014 ന് ശേഷം ഇ.ഡി രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം പലമടങ്ങ് വർദ്ധിച്ചു. പലതും ബി.ജെ.പിക്കും ഇടനിലക്കാർക്കും പണം ഉണ്ടാക്കാൻ വേണ്ടിയുള്ളതാണ്. കേന്ദ്രസർക്കാർ രാഷ്ട്രീയ വേട്ടയ്ക്കും സാമ്പത്തിക കൊള്ളയ്ക്കും ആയുധമാക്കുന്ന ഇ.ഡിയുടെ അഴിമതി മുഖം പുറത്തുവന്നു. ബിജെപി നേതാക്കൾ ഉൾപ്പെട്ട കേസുകളിൽ ഇ.ഡിയുടെ സമീപനം വ്യത്യസ്തമാണ്. കൊടകര കള്ളപ്പണ കേസിൽ ബിജെപി ഉന്നത നേതാക്കളുടെ പങ്ക് വെളിച്ചത്തു വന്നിരുന്നു. നാലുവർഷം ഇ.ഡി കേസ് മുക്കി.ഹൈക്കോടതി ഇടപെടലിൽ രാഷ്ട്രീയബന്ധം ഒഴിവാക്കി പേരിന് കുറ്റപത്രം സമർപ്പിച്ചു. ബി.ജെ.പി തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ കള്ളപ്പണം ഇറക്കിയെന്ന വെളിപ്പെടുത്തലിലും ഓഫീസ് സെക്രട്ടറിയുടെ മൊഴിയെടുത്തില്ല.
ചങ്ങലക്ക് ഭ്രാന്ത് പിടിക്കുന്നെന്നും ചന്ദ്രിക വിമർശിക്കുന്നു.
കേന്ദ്രസർക്കാരിന്റെ കരാളഹസ്തങ്ങളിൽ ഞെരിഞ്ഞമരുകയാണ് ഇ.ഡി. ബിജെപി സർക്കാരിൻ്റെ കാലത്ത് ഇത്തരം ഏജൻസികൾ മുമ്പെങ്ങും ഇല്ലാത്ത വിധം അഴിമതിയുടെയും സുജനപക്ഷവാദത്തിന്റെയും പര്യായങ്ങളായി.കേരളത്തിൽ ചില ഒളിയും മറയും കാത്തുസൂക്ഷിച്ചിരുന്നു.ഇപ്പോൾ അതും തകിടം മറിച്ച് പിടിച്ചുപറിയിലേക്കും കയ്യിട്ടുവാരിലേക്കും അധപതിച്ചു. പുതിയ വിവാദം കൊച്ചി യൂണിറ്റിലെ മുഴുവൻ കേസുകളെയും സംശയനിഴലിൽ ആഴ്ത്തുന്നതാണ്. കൊടകര കള്ളപ്പണക്കേസിൽ മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ഡോളർ കടത്ത്, സ്വർണക്കടത്ത് കേസുകളിലും ഇ.ഡിയുടെ നിലപാട് സംശയാസ്പദമെന്നും ചന്ദ്രിക ആരോപിച്ചു.
Story Highlights : Deshabhimani, Chandrika slam ED in fiery editorials
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here