ഹോം വർക്ക് ചെയ്യാത്തതിന് മുൻപും മർദിച്ചു; അധ്യാപികയ്‌ക്കെതിരെ രണ്ടാം ക്ലാസുകാരന്റെ മൊഴി

കോട്ടയം കുറുപ്പന്തറയിൽ അധ്യാപികയുടെ ക്രൂര മർദനത്തിനിരയായ വിദ്യാർത്ഥിയുടെ വീട്ടിൽ ബാലാവകാശ കമ്മീഷൻ സന്ദർശനം നടത്തി. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ വിദ്യാർത്ഥിയുടെ വിശദമായ മൊഴിയെടുത്തു.
അധ്യാപിക മുൻപും മർദിച്ചതായി വിദ്യാർത്ഥി മൊഴി നൽകി. ഹോം വർക്ക് ചെയ്യാത്തതിനാണ് മുൻപ് മർദിച്ചത്. ആദ്യ മർദനത്തിൽ ജനനേന്ദ്രിയത്തിൽ പരുക്കേറ്റിരുന്നതായി വിദ്യാർത്ഥി മൊഴി നൽകി. ബാലാവകാശ കമ്മീഷൻ ചെയർമാൻ പി സുരേഷും മറ്റ് അംഗങ്ങളുമാണ് വിദ്യാർത്ഥിയുടെ വീട്ടിൽ സന്ദർശനത്തിനെത്തിയത്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ഇന്നലെ കേസെടുത്തിരുന്നു.
read also: കോട്ടയത്ത് രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപിക മർദിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
മലയാള പാഠഭാഗം തെറ്റായി വായിച്ചതിനാണ് അധ്യാപിക രണ്ടാം ക്ലാസ് വിദ്യാർത്ഥി പ്രണവ് രാജിനെ ഇരുപത്തിരണ്ട് തവണ മർദിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ടീച്ചർ തന്നെയാണ് വീട്ടിലേക്ക് വിളിച്ച് മർദന വിവരമറിയിച്ചത്. കുട്ടി വീട്ടിലെത്തിയ ശേഷം രക്ഷിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ അധ്യാപിക മിനിമോൾ ജോസിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
Story Highlights- child welfare committee, brutally attacked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here