വാട്സപ്പ് മാതൃകയിൽ മെസേജിംഗ് ആപ്പുമായി ഇന്ത്യ; സർക്കാർ ഉദ്യോഗസ്ഥർക്ക് നിർബന്ധമാക്കും

വാട്സപ്പ് മാതൃകയിൽ മെസേജിംഗ് ആപ്പുമായി കേന്ദ്രം. ‘ഗവണ്മെൻ്റ് ഇൻസ്റ്റൻ്റ് മെസേജിംഗ് സർവീസ്’ (ഗിംസ്) എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് സർക്കാർ ഉദ്യോഗസ്ഥർ നിർബന്ധമായി ഉപയോഗിക്കണമെന്ന് നിർദ്ദേശമുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്കായി നിലവിൽ വാട്സപ്പ് ഗ്രൂപ്പുകളാണ് സർക്കാർ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നത്. ഗിംസ് പുറത്തിറങ്ങുന്നതോടെ വാട്സപ്പ് ഒഴിവാക്കി ഈ ആപ്പ് ഉപയോഗിക്കണമെന്നാണ് നിർദ്ദേശം.
നാഷണൽ ഇൻഫോമാറ്റിക്സ് സെൻ്റർ (എൻഐസി) ആണ് ആപ്പ് പുറത്തിറക്കുക. ആൻഡ്രോയ്ഡ്/ഐഒഎസ് ഫോണുകളിൽ ആപ്പ് ലഭ്യമാവും. ഒറീസ, ഗുജറാത്ത് സർക്കാർ ഉദ്യോഗസ്ഥർ നിലവിൽ ഈ മെസേജിംഗ് ആപ്പ് ഉപയോഗിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ ആപ്പിൻ്റെ ഉപയോഗം. അധികം വൈകാതെ മറ്റു സംസ്ഥാനങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥരും ഗിംസ് ഉപയോഗിക്കേണ്ടി വരുമെന്നാണ് വിവരം.
വാട്സപ്പ് ഗ്രൂപ്പുകളിലൂടെ പങ്കുവെക്കപ്പെടുന്ന വിവരങ്ങൾ ഹാക്ക് ചെയ്യാൻ എളുപ്പമാണെന്ന കണ്ടെത്തലാണ് പുതിയ മെസേജിംഗ് ആപ്പ് നിർമ്മിക്കാൻ സർക്കാരിനു പ്രചോദനമായത്. വാട്സപ്പ് ഗ്രൂപ്പുകളിലൂടെ സർക്കാരുമായി ബന്ധപ്പെട്ട പല രഹസ്യ വിവരങ്ങളും പങ്കുവെക്കപ്പെടുന്നുണ്ടെന്നും അത് അപകടകരമാണെന്നും വിലയിരുത്തലുണ്ട്.
ഇംഗ്ലീഷ്, ഹിന്ദി ഉൾപ്പെടെ 11 ഇന്ത്യൻ ഭാഷകളിൽ ഗിംസ് ലഭ്യമാകും. റെയിൽവേ, നാവിക സേന, സിബിഐ, ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം തുടങ്ങിയ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ ഇപ്പോൾ ഗിംസ് ഉപയോഗിക്കുന്നുണ്ട്. കൃത്യമായി പറഞ്ഞാൽ 6600 ആളുകൾ ഉപയോഗിക്കുന്ന ഗിംസിലൂടെ ഇപ്പോൾ 20 ലക്ഷം മെസേജുകൾ കൈമാറ്റം ചെയ്തിട്ടുണ്ട്.
Story Highlights: India, Whatsapp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here