എറണാകുളം ഹൈക്കോർട്ടിൽ ഗുണ്ടാവിളയാട്ടം നടത്തിയവർ അറസ്റ്റിൽ; ട്രോൾ വീഡിയോയുമായി കേരള പൊലീസ്

എറണാകുളം ഹൈക്കോർട്ടിൽ ഗുണ്ടാവിളയാട്ടം നടത്തിയ നാലു യുവാക്കൾ കഴിഞ്ഞ ദിവസങ്ങളിലായി അറസ്റ്റിലായിരുന്നു. സംഭവത്തിൽ കേരള പൊലീസ് ട്രോൾ വീഡിയോയുമായി രംഗത്തെത്തിയിട്ടുണ്ട്. 50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു കോമഡി ഷോയുടെ വിഷ്വലുകളും യുവാക്കൾ കത്തി വീശി ഗുണ്ടാവിളയാട്ടം നടത്തുന്ന വീഡിയോയും കൂട്ടിച്ചേർത്താണ് ഈ ട്രോൾ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. വീഡിയോ വൈറലാവുകയാണ്.
‘എറണാകുളം ഹൈ കോർട്ട് ജംഗ്‌ഷനു സമീപം ഗുണ്ടാവിളയാട്ടം നടത്തിയ യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു റിമാൻഡ് ചെയ്തു. കൃഷ്ണദാസ് , അൽത്താഫ് , ബ്രയാൻ, വിശാൽ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.’- വീഡിയോ പങ്കുവെച്ചു കൊണ്ട് കേരള പൊലീസ് കുറിച്ചു.
അമിത ലഹരിയിൽ പൊലീസിനെ ആക്രമിച്ച യുവാക്കളാണ് അറസ്റ്റിലായത്. മൂന്നു പ്രതികൾ ബുധനാഴ്ചയും ഒരാൾ വ്യാഴാഴ്ചയുമാണ് പിടിയിലായത്. വല്ലാർപാടം ചക്കാലക്കൽ വീട്ടിൽ കൃഷ്ണദാസാണ് (സോനു–22) വ്യാഴാഴ്ച അറസ്റ്റിലായത്. മറ്റു പ്രതികളായ മട്ടാഞ്ചേരി സ്വദേശി അൽത്താഫ് (19), മുളവുകാട് വലിയപറമ്പിൽ വീട്ടിൽ ബ്രയാൻ ആദം (19), ഇളംകുളം കുളങ്ങരത്തറ വീട്ടിൽ വിശാൽ ബോബൻ (18) എന്നിവരെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.
രണ്ട് യുവാക്കൾ തമ്മിൽ തല്ല് നടക്കുന്നു എന്ന വിവരം അറിഞ്ഞാണ് പൊലീസ് സ്ഥലത്ത് എത്തിയത്. എന്നാൽ ഇദ്ദേഹത്തെ ഗുണ്ടാസംഘം കത്തിയുമായി ആക്രമിക്കുകയായിരുന്നു. രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
Story Highlights: Kerala Police, Troll Video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here