30 മിനിട്ടിൽ ഓർഡർ എത്തിയില്ലെങ്കിൽ ഫ്രീ ഡെലിവറി; ഡെലിവറി ബോയ്സിന്റെ ജീവൻ വെച്ച് പന്താടരുതെന്ന് കമ്മീഷണർ

ആപ്പിൽ കാണിക്കുന്ന ഡെലിവറി സമയത്തിനുള്ളിൽ സാധനം എത്തിയില്ലെങ്കിൽ സൗജന്യമായി ഓർഡർ നൽകുമെന്നത് സൊമാറ്റോ നൽകുന്ന വാഗ്ദാനമാണ്. ഇതിനോട് സമാനമായ മറ്റൊരു ഓഫർ ബംഗളൂരുവിലെ പിസ കമ്പനികൾ നൽകുന്നുണ്ട്. 30 മിനിട്ടിനുള്ളിൽ ഓർഡർ എത്തിയില്ലെങ്കിൽ പിസ സൗജന്യമായി നൽകുമെന്നതാണ് ഓഫർ. എന്നാൽ ഈ ഓഫറിനെതിരെ ബംഗളൂരു പൊലീസ് കമ്മീഷണർ രംഗത്തെത്തിയിരിക്കുകയാണ്.
ബംഗളൂരു പൊലീസ് കമ്മീഷണർ ഭാസ്കർ റാവു ആണ് ട്വിറ്ററിലൂടെ ഈ ഓഫറിനെതിരെ രംഗത്തെത്തിയത്. ഓർഡറുകൾ സമയത്തിനെത്തിക്കാൻ ഡെലിവറി ബോയ്സ് തങ്ങളുടെ ജീവൻ പോലും പണയം വെക്കുന്നുണ്ടെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കുറിച്ചു. 30 മിനിട്ട് എന്നതു മാറ്റി ഡെലിവറി ടൈം 40 മിനിട്ട് ആക്കണമെന്നും അദ്ദേഹം പിസ കമ്പനികളോട് ആവശ്യപ്പെടുന്നു.
“സ്വന്തം ജീവൻ പണയം വെച്ച് ഭക്ഷണം എത്തിച്ചിട്ടും എത്താൻ 30 മിനിട്ടിൽ അധികമായതു കൊണ്ട് ഡെലിവറി ബോയിയിൽ നിന്ന് പിസ സൗജന്യമായി വാങ്ങാൻ നമുക്ക് മനസ്സുണ്ടാവുമോ? ട്രാഫിക് നിയമങ്ങൾ ലംഘിച്ച് ഈ കുട്ടികൾ അവരുടെ ജീവൻ പണയം വെക്കുന്നത് കണക്കിലെടുത്ത് പിസ കമ്പനികൾ ഡെലിവറി സമയം 40 മിനിട്ടാക്കി അധികരിപ്പിക്കണമെന്ന് പിസ കമ്പനികളോട് നിർദ്ദേശിക്കുന്ന കാര്യം ഞാൻ ആലോചിക്കുകയാണ്.”- അദ്ദേഹം ട്വീറ്റ് ചെയ്തു.
ഭാസ്കർ റാവുവിൻ്റെ ട്വീറ്റിന് ട്വിറ്റർ ലോകം പിന്തുണ നൽകിയിട്ടുണ്ട്. ഇത് നിയമം ആക്കണമെന്നും ഡെലിവറി സമയം അധികരിപ്പിക്കണമെന്നും അവർ പറയുന്നു.
നേരത്തെ, യൂബർ ഈറ്റ്സിനെ കഴിഞ്ഞ ദിവസം സൊമാറ്റോ വാങ്ങിയിരുന്നു. ഏകദേശം 2492 കോടി രൂപയ്ക്കാണ് സൊമാറ്റോ യൂബറിനെ ഏറ്റെടുത്തത്. 2017ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച യൂബർ ഈറ്റ്സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരുന്നത്.
Do we have the heart to get a free pizza from a kid who is risking his life just because he crossed over 30 mns. Am seriously considering asking Pizza companies to make it 40 mns as these kids risk their lives by breaking all Traffic rules.
— Bhaskar Rao IPS (@deepolice12) January 21, 2020
Story Highlights: Twitter, Pizza
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here