മേഴ്‌സ് കൊറോണ വൈറസ് ബാധ ; സൗദി ആശുപത്രിയില്‍ ബോധവത്കരണ പരിപാടി നടത്തി

മേഴ്‌സ് കൊറോണ വൈറസുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് രോഗം കണ്ടെത്തിയ സൗദിയിലെ ആശുപത്രി അധികൃതര്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ള നഴ്‌സുമാര്‍ക്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ബോധവത്കരണ പരിപാടി നടത്തി. സൗദിയില്‍ ഒരു മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് മേഴ്‌സ് കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ആശങ്കയകറ്റാന്‍ ആശുപത്രി അധികൃതര്‍ ബോധവത്കരണ പരിപാടി നടത്തിയത്.
രോഗ ബാധിതര്‍ ജോലി ചെയ്യുന്ന ഖമീഷ് മുശൈത്തിലെ ഹയാത്ത് ഹോസ്പിറ്റലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള നഴ്‌സുമാര്‍ക്ക് രോഗപ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചുള്ള നിര്‍ദേശങ്ങളും ആശുപത്രി അധികൃതര്‍ നല്‍കി. ഇന്ത്യയില്‍ നിന്നുള്ള അമ്പതോളം നഴ്‌സുമാരാണ് ഈ ആശുപത്രിയില്‍ ജോലി ചെയ്യുന്നത്. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമവിഭാഗം അംഗങ്ങളായ അഷ്‌റഫ് കുറ്റിച്ചല്‍ ബിജു കെ നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ബോധവത്കരണ പരിപാടി.
സൈന്റീഫിക് റീജിനല്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ താരിഖ് അല്‍ ആശ്രഖി, അസീര്‍ സെന്‍ട്രല്‍ ഹോസ്പിറ്റല്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. നദ ശഹ്രി എന്നിവര്‍ പങ്കെടുത്തു. ഒരു തരത്തിലും ആശങ്ക വേണ്ടെന്ന് പറഞ്ഞ അധികൃതര്‍ ആശുപത്രിയിലെ മുന്‍കരുതല്‍ നടപടികളുമായി ബന്ധപ്പെട്ട ജീവനക്കാരുടെ പരാതികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ നിര്‍ദേശം നല്‍കി. 2019 ല്‍ ചൈനയില്‍ കണ്ടെത്തിയ വുഹാന്‍ വൈറസ് അല്ല, 2012ല്‍ സൗദിയില്‍ കണ്ടെത്തിയ മേഴ്‌സ് വൈറസാണ് ഇവരില്‍ കണ്ടെത്തിയതെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here