കൂടത്തായി; സിലിയുടെ മൃതദേഹത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തി

കൂടത്തായി സിലി വധക്കേസിൽ നിർണായക വഴിത്തിരിവ്. സിലിയുടെ മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് വ്യക്തമാക്കുന്ന തെളിവ് ലഭിച്ചു. സിലിയുടെ മൃതദേഹത്തിന്റെ രാസപരിശോധനാ ഫലത്തിലാണ് ഇക്കാര്യമുള്ളത്. കോഴിക്കോട് റീജ്യണൽ ഫോറൻസിക് ലാബാണ് റിപ്പോർട്ട് നൽകിയത്.
കേസന്വേഷണത്തിന്റെ ഭാഗമായി കൂടത്തായി, കോടഞ്ചേരി പള്ളി സെമിത്തേരികളിലെ കല്ലറകൾ തുറന്ന് പരിശോധിച്ചിരുന്നു. ഇതിൽ സിലിയുടെ മൃതദേഹത്തിൽ നിന്നാണ് സോഡിയം സയനൈഡിന്റെ അംശം കണ്ടെത്തിയത്. ഇതാദ്യമായാണ് മൃതദേഹ അവശിഷ്ടത്തിൽ സയനൈഡിന്റെ അംശമുണ്ടെന്ന് സ്ഥിരീകരിക്കുന്നത്.
read also: കൂടത്തായി: പെൺകുട്ടി ബാധ്യതയാകുമെന്ന് കരുതി; ആൽഫൈനെ കൊന്നത് ബ്രഡിൽ സയനൈഡ് പുരട്ടി നൽകി
അതേസമയം സിലിയുടെ മകൾ ആൽഫൈനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ ജോളി ഉൾപ്പെടെ മൂന്ന് പ്രതികളാണുള്ളത്. ഷാജുവിനെ വിവാഹം കഴിക്കാൻ ലക്ഷ്യമിട്ടാണ് ആൽഫൈനെ ജോളി കൊലപ്പെടുത്തിയത്. പെൺകുട്ടി ബാധ്യതയാകുമെന്ന് ജോളി കരുതിയിരുന്നു. ബ്രഡിൽ സയനൈഡ് പുരട്ടി നൽകിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ബാഗിൽ ചെറിയ ഡപ്പിയിൽ സയനൈഡ് കരുതി. ജോളി ബ്രഡിൽ വിഷം പുരട്ടുന്നത് ചിലർ കണ്ടിരുന്നു.129 പേരാണ് കേസിലെ സാക്ഷികൾ. റോയ് തോമസിന്റെ സഹോദരൻ റോജോയാണ് കേസിലെ ഒന്നാം സാക്ഷി. ഡോക്ടർമാരും പ്രധാന സാക്ഷികളാണ്.
story highlights- koodathayi deaths, sili murder case, cyanide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here