നിര്‍ഭയ കേസ് ; പ്രതികള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി

മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതികള്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളി. തിരുത്തല്‍ ഹര്‍ജി, ദയ ഹര്‍ജി എന്നിവ സമര്‍പ്പിക്കാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ രേഖകള്‍ നല്‍കുന്നില്ലെനായിരുന്നു പ്രതികളുടെ പരാതി. പ്രതികളായ പവന്‍ ഗുപത, അക്ഷയ് കുമാര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് പട്യാല ഹൗസ് കോടതി തള്ളിയത്.
എല്ലാ രേഖകളും പ്രതികള്‍ക്ക് കൈമാറിയതായി തിഹാര്‍ ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചു. ജയില്‍ അധികൃതര്‍ കൈമാറിയ രേഖകള്‍ പരിശോധിച്ച കോടതി പ്രതികളുടെ വാദം നിലനില്‍ക്കില്ലെന്ന് കണ്ടെത്തി. ദയ ഹര്‍ജി ഉള്‍പ്പെടെ നല്‍കാന്‍ കൂടുതലായി ഒരു രേഖകളും നല്‍കേണ്ടതില്ലെന്നും കോടതി നിര്‍ദേശിച്ചു. അതിനിടെ പ്രതികളില്‍ ഒരാളായ വിനയ് ശര്‍മയെ ജയിലില്‍ വിഷം കുത്തിവെച്ച് കൊല്ലാന്‍ ശ്രമം ഉണ്ടായതായും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അതിന്റെ മെഡിക്കല്‍ രേഖകളും പ്രതിക്ക് കൈമാറിയില്ലെന്ന് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അതിനിടെ ഫെബ്രുവരി ഒന്നിലെ മരണവാറണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും, ദയാഹര്‍ജി തള്ളിയതിനെതിരെയും പ്രതികളിലൊരാളായ മുകേഷ് സിംഗ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി.
Story Highlights- Nirbhaya case; The court rejected the plea of the accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here