പൗരത്വ നിയമ ഭേദഗതിക്കെതിരായ മനുഷ്യ മഹാശൃംഖലയിൽ പങ്കാളികളായി പ്രമുഖർ

പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഐഎം സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ പങ്കാളികളായി സിനിമാ രംഗത്തെ പ്രമുഖരും സാംസ്‌കാരിക നായകന്മാരും മതമേലധ്യക്ഷൻമാരും. സംവിധായകരായ രാജീവ് രവി, ആഷിഖ് അബു എന്നിവർ ശൃംഖലയിലെ കണ്ണികളായി. മൂന്ന് ലക്ഷത്തിലധികം ആളുകൾ പങ്കുചേർന്നുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഫാസിസത്തിനെതിരെയുള്ള പോർമുഖത്തിലാണ് രാജ്യമെന്ന് ആഷിഖ് അബു പറഞ്ഞു.
സമസ്ത, എപി വിഭാഗം, മുജാഹിദ് വിഭാഗം നേതാക്കളും ചങ്ങലയിൽ പങ്കുചേർന്നു. ഏലിയാസ് മാർ അത്തനാസിയോസ് മെത്രോപൊലീത്ത, ഡോ. ഗീവർഗീസ് മാർ കുരിലോസ് മെത്രോപൊലീത്ത എന്നിവരും ശൃംഖലയിലെ കണ്ണികളായി.
Read Also: മനുഷ്യ മഹാശൃംഗല കഴിഞ്ഞ് മടങ്ങവേ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിക്ക് വെട്ടേറ്റു
കാസർഗോഡ് സിപിഐഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള ശൃംഖലയുടെ ആദ്യ കണ്ണിയും തിരുവനന്തപുരത്ത് എംഎ ബേബി അവസാന കണ്ണിയുമായി. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ തുടങ്ങിയവർ തലസ്ഥാനത്ത് ശൃംഖലയിൽ പങ്കാളികളായി.
റോഡിന് വലതുവശത്ത് വരിയായാണ് മനുഷ്യ മഹാശൃംഖല സൃഷ്ടിച്ചത്. മൂന്നരക്കായിരുന്നു റിഹേഴ്‌സൽ. നാല് മണിക്ക് ഭരണഘടനയുടെ ആമുഖം വായിച്ചു. പ്രതിജ്ഞക്ക് ശേഷം പൊതുയോഗവുമുണ്ടായി. ചിലയിടത്ത് ആറ് വരി വരെ ശൃംഖലയിലുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here