ബൗളര്‍മാര്‍ തിളങ്ങി ; രണ്ടാം ടി-20 യില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം

ന്യൂസിലാന്‍ഡിന് എതിരെ രണ്ടാം ടി-20 യില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം. ഈഡന്‍ പാര്‍ക്കിലെ രണ്ടാം ടി-20 മത്സരത്തില്‍ ന്യൂസിലാന്‍ഡിന്റെ 133 എന്ന ചെറിയ വിജയലക്ഷ്യം ഇന്ത്യ 15 പന്തുകള്‍ ശേഷിക്കെ മറികടന്നു. കെഎല്‍ രാഹുലും ശ്രേയസ് അയ്യരുമാണ് ഇന്ത്യന്‍ ബാറ്റിംഗിന് കരുത്തായത്. ഓപ്പണറായി ഇറങ്ങിയ രാഹുല്‍ പുറത്താകാതെ രണ്ട് സിക്സും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 50 പന്തില്‍ 57 റണ്‍സ് എടുത്തു.
ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 2-0 എന്ന നിലയില്‍ ഇന്ത്യ മുന്നിലെത്തി.
എട്ട് റണ്‍സ് എടുക്കുന്നതിനിടെ ഇന്ത്യക്ക് രോഹിത് ശര്‍മയെ നഷ്ടപ്പെട്ടു. ആറ് പന്തില്‍ എട്ട് റണ്‍സ് അടിച്ച രോഹിതിനെ ടിം സൗത്തി പുറത്താക്കുകയായിരുന്നു. വിരാട് കോലിക്കും അധികം ആയുസുണ്ടായില്ല. സൗത്തിയുടെ പന്തില്‍ തന്നെ കോലി (11) പുറത്തായി. പിന്നീട് മൂന്നാം വിക്കറ്റില്‍ ശ്രേയസ് അയ്യരും കെഎല്‍ രാഹുലും ഒത്തുചേരുകയായിരുന്നു. ഇരുവരും 86 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. നാല് പന്തില്‍ എട്ടു റണ്‍സോടെ ക്രീസിലുണ്ടായിരുന്ന ശിവം ദുബെയും രാഹുലും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യുസീലാന്‍ഡിന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 20 പന്തില്‍ 33 റണ്‍സടിച്ച മാര്‍ട്ടിന്‍ ഗുപ്റ്റിലും 26 പന്തില്‍ 33 റണ്‍സടിച്ച ടിം സെയ്ഫര്‍ട്ടുമാണ് കിവീസ് നിരയില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചത്. ആദ്യ ഓവറില്‍ ശാര്‍ദുല്‍ താക്കൂറിനെ രണ്ടു തവണ സിക്സിന് പറത്തിയ ഗപ്റ്റില്‍ കൂറ്റന്‍ സ്‌കോര്‍ എന്ന ഭീഷണി ഉയര്‍ത്തിയിരുന്നു. എന്നാല്‍, ചിട്ടയായി പന്തെറിഞ്ഞ് ഇന്ത്യന്‍ ബൗളര്‍മാര്‍ ആതിഥേയരെ ചെറിയ സ്‌കോറില്‍ ഒതുക്കി.
Story Highlights- India beat New Zealand by seven wickets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here