മനുഷ്യ മഹാശൃംഖല തീർത്ത് എൽഡിഎഫ്; അണിചേർന്ന് ലക്ഷങ്ങൾ

പൗരത്വ നിയമ ഭേദഗതിക്കെതിരെ കൂറ്റൻ മനുഷ്യ ശൃംഖല തീർത്ത് എൽഡിഎഫ്. കാസർഗോഡ് മുതൽ കളിയിക്കാവിള വരെ ദേശീയപാതയിൽ തീർത്ത ചങ്ങലയിൽ രാഷ്ട്രീയ, സാംസ്‌കാരിക, സിനിമാ രംഗത്തുനിന്ന് നിരവധി പേർ പങ്കെടുത്തു. എൽഡിഎഫ് പ്രതീക്ഷിച്ചതിലും കൂടുതൽ ജനപങ്കാളിത്തം മനുഷ്യശ്യംഖലയ്ക്ക് ലഭിച്ചതായാണ് വിവരം.
വൈകീട്ട് മൂന്നരയ്ക്ക് റിഹേഴ്‌സലിന് ശേഷം നാലിന് മഹാശൃംഖലയിൽ ഭരണഘടനയുടെ ആമുഖം വായിക്കുകയും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഇതിന് ശേഷം പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊതുയോഗങ്ങൾ നടന്നു. കാസർഗോഡ് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള ശൃംഖലയിലെ ആദ്യ കണ്ണിയായി. കളിയിക്കാവിളയിൽ എം എ ബേബി അവസാന കണ്ണിയായി. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അണിനിരന്നത്. കുടുംബസമേതമാണ് മുഖ്യമന്ത്രി മനുഷ്യശൃഖംലയിൽ പങ്കെടുത്തത്.
മുസ്ലീം സമുദായത്തിലെ വിവിധ വിഭാഗങ്ങളും മനുഷ്യ മഹാശൃംഖലയിൽ പങ്കു ചേർന്നു. ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലർത്തുന്ന കാന്തപുരം എപി വിഭാഗം സുന്നികൾ സംസ്ഥാനത്തുടനീളം ശൃംഖലയുടെ ഭാഗമായി. മുസ്ലീം ലീഗിനൊപ്പം നിൽക്കുന്ന ഇ.കെ വിഭാഗം സുന്നികളുടെ നേതാക്കളും മനുഷ്യശ്യംഖലയുടെ ഭാഗമായി. മുജാഹിദ് വിഭാഗം മനുഷ്യശ്യംഖലയോട് സഹകരിച്ചു. അതേസമയം, യുഡിഎഫ് നേതാക്കൾ മനുഷ്യശൃംഖലയിൽ നിന്ന് വിട്ടുനിന്നു.
സിനിമാ മേഖലയിൽ നിന്ന് സംവിധായകരായ കമൽ, ആഷിഖ് അബു, രാജീവ് രവി ഉൾപ്പെടെയുള്ളവർ മനുഷ്യശൃംഖലയുടെ ഭാഗമായി. മുൻ എംപിയും നടനുമായ ഇന്നസെന്റ്, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവരും മനുഷ്യ ചങ്ങലയിൽ അണിനിരന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here