ജിയോക്ക് ഭീഷണി; സിം കാർഡ് വേണ്ട: ഒരു രൂപക്ക് ഒരു ജിബി ഡേറ്റയുമായി സ്റ്റാർട്ടപ്പ് കമ്പനി

ഒരു രൂപക്ക് ഒരു ജിബി ഡേറ്റ നൽകി ബാംഗ്ലൂർ ആസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പ് കമ്പനി. വൈഫൈ ഡബ്ബ എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ജിയോക്ക് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. വൈഫൈ മോഡം വഴിയാണ് ഈ സ്റ്റാർട്ടപ്പ് കമ്പനി ഡേറ്റ നൽകുന്നത്. ബെംഗളൂരു പട്ടണത്തിൽ പല ഇടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന വൈഫൈ മോഡം വഴിയാണ് ഇവരുടെ പ്രവർത്തനം.
രാജ്യത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ ഡേറ്റ നൽകുന്ന ജിയോയെക്കാൾ 360 ശതമാനത്തോളം വില കുറച്ചാണ് വൈഫൈ ഡബ്ബ ഡേറ്റ നൽകുന്നത്. മൊബൈൽ പ്ലാൻ അല്ല എന്നതുകൊണ്ട് തന്നെ സിം കാർഡോ മറ്റു കണക്ഷനോ ആവശ്യമില്ല. വൈഫൈ ഒൺലി സർവീസായ ഇത് നിരവധി ആളുകൾ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. കമ്പനിയുടെ വൈഫൈ പോയിൻ്റുകൾ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ, കടകളിലും ഷോപ്പിംഗ് മാളുകളുകളിലുമായി സ്ഥാപിച്ചിട്ടുണ്ട്. ഒരു രൂപ മുടക്കിയാൽ ഈ വൈഫൈ പോയിൻ്റുകളിലേക്ക് കണക്ട് ചെയ്ത് ലഭിക്കുന്ന ഒടിപി എൻ്റർ ചെയ്താൽ ഇൻ്റർനെറ്റ് ഉപയോഗിച്ചു തുടങ്ങാം.
സെക്കൻഡിൽ 140 എംബി വേഗതയാണ് ഈ കണക്ഷന് ലഭിക്കുന്നത്. ഇൻസ്റ്റളേഷൻ ചാർജോ രജിസ്ട്രേഷനോ ഇതിന് ആവശ്യമില്ല. റീചാർജ് ചെയ്ത ഡേറ്റക്ക് എക്സ്പയറി ഡേറ്റും ഇല്ല. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ബെംഗളൂരുവിൽ മാത്രമുള്ള വൈഫൈ ഡബ്ബ ആവശ്യക്കാർക്കനുസരിച്ച് രാജ്യത്തിലെ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഒപ്ടിക്കൽ ഫൈബറിനും വയർഡ് കണക്ടിവിറ്റിക്കും പകരം സൂപ്പർ നോഡ്സ് എന്ന സാങ്കേതിക വിദ്യയാണ് വൈഫൈ ഡബ്ബ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനു ചെലവ് വളരെ കുറവാണ്.
നേരത്തെ, ചൈനയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ചൈന മൊബൈൽ ഇന്ത്യയിലേക്ക് എത്തുന്നു എന്ന് റിപ്പോർട്ട് വന്നിരുന്നു. ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നതിനായി ടെലികോം സേവനദാതാക്കളായ എയർടെലുമായും വോഡഫോൺ ഐഡിയയുമായും ചൈന മൊബൈൽ ചർച്ച നടത്തിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൈന മൊബൈൽ ഇന്ത്യയിൽ എത്തുകയാണെങ്കിൽ അത് ജിയോക്ക് കനത്ത തിരിച്ചടിയാകും.
Story Highlights: Reliance Jio, Wifi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here