Advertisement

കാട്ടാക്കട കൊലപാതകം ; എട്ട് പ്രതികള്‍, ഏഴ് പേര്‍ അറസ്റ്റിലായെന്ന് പൊലീസ്

January 27, 2020
1 minute Read

കാട്ടാക്കട കൊലപാതകത്തില്‍ മണ്ണ് മാഫിയ സംഘത്തലവന്‍മാരടക്കം ഏഴ് പ്രതികള്‍ അറസ്റ്റിലായെന്ന് പൊലീസ്. മണ്ണ് കടത്ത് തടഞ്ഞതും പൊലീസിനെ വിളിച്ചതും കൊലയ്ക്ക് പ്രകോപനമായെന്ന് തിരുവനന്തപുരം റൂറല്‍ എസ് പി ബി അശോകന്‍ പറഞ്ഞു. സംഗീതിനെ ടിപ്പറും മണ്ണ് മാന്തി യന്ത്രവും ഇടിപ്പിച്ചാണ് പ്രതികള്‍ കൊലപ്പെടുത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചു.

മണ്ണുമാന്തിയന്ത്രം ഉടമ സജു, ടിപ്പര്‍ ഉടമ ഉത്തമന്‍, വിജിന്‍, ലിനു, സംഘത്തിലുണ്ടായിരുന്ന മിഥുന്‍, ഇവരെ സഹായിച്ച ലാല്‍കുമാര്‍, അനീഷ് എന്നിവരാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട സംഗീതിന്റെ കാര്‍ എടുത്ത് മാറ്റിയ ബൈജുവാണ് ഇനി പിടിയിലാകാനുള്ളത്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. സജുവും ഉത്തമനുമാണ് സംഘത്തലവന്മാര്‍.

മണ്ണെടുപ്പ് തടഞ്ഞതിന് സംഗീതിനെ ടിപ്പര്‍ കൊണ്ട് ഇടിച്ചും, വീണ ശേഷം എഴുന്നേറ്റ സംഗീതിനെ മണ്ണ് മാന്തി യന്ത്രത്തിന്റെ ബക്കറ്റ് കൊണ്ട് അടിച്ചും കൊലപ്പെടുത്തുകയായിരുന്നു. നെഞ്ചിനും തലയ്ക്കുമേറ്റ ഗുരുതര പരുക്കാണ് മരണകാരണം. പ്രതി ലിനുവാണ് ടിപ്പര്‍ ഓടിച്ചതെന്നും വിജിനാണ് മണ്ണ് മാന്തി യന്ത്രം ഓടിച്ചതെന്നും കണ്ടെത്തിയതായി എസ്പി ബി അശോകന്‍ പറഞ്ഞു. സംഭവ ദിവസം രാത്രി സംഗീതിന്റെ പുരയിടത്തില്‍ നിന്ന് അഞ്ച് തവണ പ്രതികള്‍ അനുവാദമില്ലാതെ മണ്ണ് കടത്തി.

പ്രതികള്‍ക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവ സമയത്ത് സന്ദേശം ലഭിച്ചിട്ടും പൊലീസ്് എത്താതിരുന്നത് സംബന്ധിച്ച പരാതിയില്‍ നെടുമങ്ങാട് ഡിവൈഎസ്പി അന്വേഷണം നടത്തി വരുന്നതായി എസ്പി പറഞ്ഞു. മണ്ണ് മാഫിയ ശൃംഖലയെ കുറിച്ചുള്ള കാര്യങ്ങളും അന്വേഷണപരിധിയിലുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് അറിയിച്ചു.

Story Highlights-  Kattakada murder case; Seven accused have been arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top