‘സ്ഥാനം നഷ്ടമായതിൽ പന്ത് സ്വയം പഴിക്കണം’; കപിൽ ദേവ്

ഇന്ത്യൻ ടീമിൽ നിന്ന് സ്ഥാനം നഷ്ടമായതിൽ ഋഷഭ് പന്ത് സ്വയം പഴിക്കണമെന്ന് മുൻ താരം കപിൽ ദേവ്. കൂടുതൽ റൺസ് നേടി ടീമിലേക്ക് തിരികെ എത്താനാണ് പന്ത് ശ്രമിക്കേണ്ടതെന്നും വിമർശകൾക്കു മുൻപിൽ നിങ്ങളെ തെളിയിക്കേണ്ടത് നിങ്ങൾ തന്നെയാണെന്നും കപിൽ ദേവ് പറഞ്ഞു.
“കളിക്കാർ സ്വയം കാര്യങ്ങൾ നോക്കണം. വിശ്രമം നൽകാനോ ടീമിൽ നിന്ന് ഒഴിവാക്കാനോ ഉള്ള അവസരം സെലക്ടർമാർക്ക് നൽകരുത്. പന്ത് ഒരുപാട് കഴിവുള്ള താരമാണ്. പന്തിന് ആരെയും കുറ്റപ്പെടുത്താനാവില്ല. തൻ്റെ കരിയർ നോക്കേണ്ടത് അയാൾ തന്നെയാണ്. കൂടുതൽ റൺസ് നേടി എല്ലാവരും വിചാരിച്ചത് തെറ്റാണെന്ന് ബോധ്യപ്പെടുത്തുകയാണ് പന്തിനു മുന്നിലുള്ള വഴി. നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ അത് ആളുകളെ ബോധ്യപ്പെടുത്തേണ്ട ചുമതല നിങ്ങൾക്ക് തന്നെയാണ്.”- കപിൽ ദേവ് പറഞ്ഞു.
പന്തിനു പരുക്കേറ്റതിൻ്റെ പശ്ചാത്തലത്തിൽ കീപ്പിംഗ് ഗ്ലൗ അണിഞ്ഞ ലോകേഷ് രാഹുൽ മികച്ച പ്രകടനം കാഴ്ച വെച്ചതോടെയാണ് പന്ത് ടീമിനു പുറത്തായത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും വിക്കറ്റ് കീപ്പർ റോളിൽ തിളങ്ങിയ രാഹുൽ ആവും ഇനി കുറച്ചു കാലത്തേക്ക് വിക്കറ്റ് കാക്കുക എന്ന് ക്യാപ്റ്റൻ വിരാട് കോലിയും അറിയിച്ചിരുന്നു. താൻ വിക്കറ്റ് കീപ്പിംഗ് ആസ്വദിക്കുകയാണെന്ന് രാഹുലും പറഞ്ഞിരുന്നു.
“ശരിക്കും ഞാൻ ഈ പുതിയ ജോലി ആസ്വദിക്കുകയാണ്. ഐപിഎല്ലിലും ആഭ്യന്തര മത്സരങ്ങളിലും ഞാൻ വിക്കറ്റ് കീപ്പറായിട്ടുണ്ട്. പക്ഷേ, രാജ്യാന്തര മത്സരങ്ങളിൽ വിക്കറ്റ് കാക്കുന്നത് ആദ്യമായാണ്. വിക്കറ്റിനു പിന്നിൽ നിൽക്കുന്നത് ഞാൻ ശരിക്കും ആസ്വദിക്കുന്നു. വിക്കറ്റിനു പിന്നിൽ നിൽക്കുമ്പോൾ പിച്ചിനെക്കുറിച്ച് ശരിയായ ധാരണ ലഭിക്കും. ഇത് ബൗളർമാർക്കും നായകനും കൈമാറുകയും ചെയ്യും”- രാഹുൽ പറഞ്ഞു.
Story Highlights: Rishabh Pant, Kapil Dev
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here