Advertisement

ഇക്കൊല്ലം വനിതാ സുരക്ഷക്കായി ആചരിക്കുമെന്ന് കേരള പൊലീസ്; പ്രഖ്യാപിച്ചത് നിരവധി പദ്ധതികൾ

January 27, 2020
Google News 1 minute Read

കേരളാ പോലീസ് ഇക്കൊല്ലം വനിതകളുടെ സുരക്ഷയ്ക്കായുള്ള വർഷമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ത്രീ സുരക്ഷയ്ക്കായി നിരവധി പദ്ധതികൾ നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ജില്ലാ പോലീസ് മേധാവിമാർ ജില്ലാതലത്തിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് പുറമേയാണിത്. പദ്ധതികളുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിന് പരിശീലന വിഭാഗം എ.ഡി.ജി.പി ഡോ.ബി. സന്ധ്യ, ഐ.സി.റ്റി വിഭാഗം എസ്.പി ഡോ.ദിവ്യ വി.ഗോപിനാഥ്, കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ആർ പൂങ്കുഴലി, വനിതാ ബറ്റാലിയൻ കമാണ്ടൻ്റ് ഡി.ശിൽപ്പ, ശംഖുമുഖം എ.എസ്.പി ഐശ്വര്യ ഡോംഗ്രേ എന്നിവർ അംഗങ്ങളായി സംസ്ഥാനതല സമിതിക്ക് രൂപം നൽകി.

സ്ത്രീ സുരക്ഷയ്ക്ക് വനിതാപോലീസുകാർ ഉൾപ്പെട്ട പട്രോളിംഗ് ടീം ഇനി മുതൽ നിരത്തിൽ എത്തും. രണ്ട് വനിതാ പോലീസുകാർ ഉൾപ്പെട്ട സംഘം ബസ് സ്റ്റോപ്പുകൾ, ബസ് സ്റ്റാൻഡുകൾ, സ്കൂൾ-കോളേജ് പരിസരങ്ങൾ, ചന്തകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇരു ചക്രവാഹനങ്ങളിലോ നടന്നോ പട്രോളിംഗ് നടത്തും. രാവിലെയും ഉച്ചകഴിഞ്ഞും സ്കൂൾ സമയങ്ങളിലും വൈകുന്നേരവും രാത്രി 11 മണിക്കും വെളുപ്പിന് അഞ്ചു മണിക്ക് ഇടയ്ക്കുള്ള സമയത്തും രണ്ടു മണിക്കൂർ വീതമാണ് പട്രോളിംഗ്. പെൺകുട്ടികളോട് അവർ നേരിടുന്ന അതിക്രമങ്ങളും സുരക്ഷാഭീക്ഷണികളും ചോദിച്ച് അറിഞ്ഞ് സംഘം നടപടി സ്വീകരിക്കും. ഇതിനായി വനിതാ ബറ്റാലിയനിൽ നിന്നും ലോക്കൽ പോലീസിൽ നിന്നും ആവശ്യത്തിന് പോലീസുകാരെ തെരഞ്ഞെടുത്ത് പരിശീലനം നൽകും.

വനിതാ പോലീസ് ഉദ്യോഗസ്ഥർ പഞ്ചായത്തുകൾ സന്ദർശിച്ച് പരാതികൾ സ്വീകരിക്കുന്ന നിലവിലുള്ള സംവിധാനം വിപുലീകരിക്കും. അവർ ഇനിമുതൽ താലൂക്ക് ലീഗൽ സർവ്വീസസ് അതോറിറ്റിയുമായി ചേർന്ന് നിയമ അവബോധന ക്ലാസുകൾ സംഘടിപ്പിക്കും. സന്ദർശനത്തിനിടെ അവർ കാണുന്ന പരാതിക്കാരുടേയും സ്ത്രീകളുടെയും വിവരങ്ങൾ ഉൾപ്പെടെ ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി ക്രൈം ഡ്രൈവ് ആപ്പിൽ ഉൾപ്പെടുത്തും. മുതിർന്ന പോലീസുദ്യോഗസ്ഥർക്ക് ഈ വിവരങ്ങൾ നേരിട്ട് നിരീക്ഷിക്കാൻ കഴിയും.

എല്ലാ ജില്ലകളിലും നിലവിലുള്ള വനിതാ പോലീസ് സ്റ്റേഷനുകൾ കേസ് അന്വേഷണത്തിലും സഹായിക്കും. ഇക്കാര്യം ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്തും. വനിതാ സെല്ലുകളിൽ നിന്നുള്ള ഒരു വനിതാ ഇൻസ്പെക്ടറെ ഉൾപ്പെടുത്തി റെയ്ഞ്ച് തലത്തിൽ സ്ത്രീകൾ ഉൾപ്പെടുന്ന അന്വേഷണസംഘത്തിന് രൂപം നൽകും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ഗുരുതരമായ കേസുകൾ ഇനിമുതൽ ഈ സംഘം അന്വേഷിക്കും. റെയ്ഞ്ച് ഡി.ഐ.ജി ആയിരിക്കും ടീമിൻ്റെ മേൽനോട്ടം വഹിക്കുന്നത്. സംഘാംഗങ്ങൾക്ക് കേരളാ പോലീസ് അക്കാഡമിയിലോ പോലീസ് ട്രെയിനിംഗ് കോളേജിലോ പരിശീലനം നൽകും. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലും നിലവിലുള്ള വനിതാ സ്വയം പ്രതിരോധ പരിശീലന സംവിധാനത്തിലെ പരിശീലകർക്ക് പരമാവധി സ്കൂളുകളിലും കോളേജുകളിലും പഞ്ചായത്തിലും പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകും. ഇക്കൊല്ലം അവസാനത്തോടെ വലിയ ജില്ലകളിൽ അഞ്ചു ലക്ഷം സ്ത്രീകൾക്കും ചെറിയ ജില്ലകളിൽ രണ്ടു ലക്ഷം വനിതകൾക്കും പരിശീലനം നൽകും. പരമാവധി വനിതകൾക്ക് പരിശീലനം നൽകുന്ന സംഘത്തിന് പാരിതോഷികം നൽകും.

വനിതകൾക്ക് രാത്രിയാത്ര സുരക്ഷിതമാക്കുന്നതിന് കൊല്ലം സിറ്റിയിൽ നടപ്പാക്കിയ സുരക്ഷിത എന്ന പരിപാടി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. വനിതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്മാർട്ട് പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കും. പോക്സോ കേസുകൾ, ബാലനീതി നിയമം, സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവൽകരിക്കാൻ പദ്ധതികൾ തയ്യാറാക്കും. മുതിർന്ന പൗരന്മാരെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവൽകരിക്കും. തനിച്ച് താമസിക്കുന്ന സ്ത്രീകളെയും ശാരീരികവും മാനസികവുമായി വൈകല്യമുള്ള സ്ത്രീകളെയും വനിതാ പോലീസ് സംഘം സന്ദർശിച്ച് ക്ഷേമാന്വേഷണം നടത്തും. മയക്കുമരുന്നിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ച് പെൺകുട്ടികളുടെ ഇടയിൽ ബോധവൽകരണം നടത്തും.

പട്ടികവർഗ്ഗവിഭാഗത്തിലെ പെൺകുട്ടികൾ സ്കൂൾ പഠനം ഇടയ്ക്ക് വച്ച് നിറുത്തുന്നത് അവസാനിപ്പിക്കാൻ കുടുംബശ്രീ, ആരോഗ്യവകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവയുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിക്കും. കുടുംബശ്രീ, തദ്ദേശ ഭരണ വകുപ്പുകൾ, സാമൂഹ്യനീതി വകുപ്പ് എന്നിവയുമായി ചേർന്ന് സ്ത്രീധനത്തിനെതിരായി ക്യമ്പെയ്ൻ തയ്യാറാക്കും. എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും തെരുവു നാടകങ്ങൾ അവതരിപ്പിക്കും. എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് സ്ത്രീകളിൽ സംരംഭകത്വം വളർത്തിയെടുക്കുന്നതിന് വിവിധ മേഖലകളിൽ പരിശീലനം നൽകും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ ഇല്ലാതാക്കാൻ നടപടിയെടുക്കും.

ലൈംഗിക സമത്വത്തെക്കുറിച്ചും അഭിമാനകരമായ ജീവിതം നയിക്കാൻ എല്ലാവർക്കുമുള്ള അവകാശത്തെക്കുറിച്ചും ഹൈസ്കൂൾ, ഹയർസെക്കൻ്ററി വിദ്യാർത്ഥികൾക്ക് വേണ്ടി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. വനിതാ വികസന കോർപ്പറേഷനുമായി ചേർന്ന് മാസത്തിലൊരിക്കൽ പരിപാടി സംഘടിപ്പിക്കാനാണ് ഉദേശിക്കുന്നത്. ഇത്തരം പരിപാടികൾ ജില്ലാതലത്തിലും സംഘടിപ്പിക്കും.

വനിതാ ഹെൽപ്പ്ലൈൻ ശക്തിപ്പെടുത്തും. വിവിധ സ്ഥലങ്ങളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കും. ജനമൈത്രി ബീറ്റ് ഒാഫീസർമാരും പിങ്ക് പട്രോൾ സംഘവും അവ നിരീക്ഷിക്കും. ചിൽഡ്രൻ ഹോം, വനിതാ സദനം, വൃദ്ധസദനം എന്നിവിടങ്ങളിൽ മൊത്തം വനിതകളുടെ എണ്ണം പകുതിയിലേറെ ആണെങ്കിൽ അത്തരം സ്ഥലങ്ങൾ വനിതാ പോലീസ് സംഘങ്ങൾ സന്ദർശിക്കും.

(സംസ്ഥാന പൊലീസ് മീഡിയ സെൻ്ററിൻ്റെ പത്രക്കുറിപ്പ്)

Story Highlights: Kerala Police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here