ഷഹീൻ ബാഗ് പ്രതിഷേധം തുടർന്നാൽ ഡൽഹി കശ്മീരാകും, മണ്ഡലത്തിലെ എല്ലാ മുസ്ലിം പള്ളികളും നീക്കം ചെയ്യും : ബിജെപി എംപി പർവേശ് വർമ

ഷഹീൻ ബാഗ് പ്രതിഷേധം തുടർന്നാൽ ഡൽഹിയിൽ കശ്മീരിന് സമാനമായ സാഹചര്യമുണ്ടാകുമെന്ന് ബിജെപി എംപി പർവേശ് വർമ. ഷഹീൻ ബാഗ് പ്രതിഷേധക്കാർ ഏത് നിമിഷവും വന്ന് തങ്ങളുടെ സഹോദരിമാരെയും പെൺമക്കളെയും പീഡിപ്പിക്കുമെന്നും പർവേശ് വർമ പറഞ്ഞു.
ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഷഹീൻ ബാഗിൽ ഒരു പ്രതിഷേധക്കാരി പോലുമുണ്ടാകില്ലെന്ന വർമയുടെ പ്രസ്താവന വന്നത് ഇന്നലെയാണ്. ഇതിന് തൊട്ടുപിന്നാലെയാണ് നിലവിലെ കശ്മീർ പരാമർശവും.
Read Also : ‘ബിജെപി പാകിസ്താന്റെ ബ്രാൻഡ് അംബാസിഡർ’; സിഎഎക്കെതിരായ പ്രമേയം പാസാക്കി പശ്ചിമ ബംഗാളും
‘കശ്മീരിൽ നടന്നതെന്തെന്ന് ഡൽഹി നിവാസികൾക്ക് അറിയാം. കശ്മീരി പണ്ഡിറ്റുകളുടെ മക്കളും സഹോദരിമാരും പീഡിപ്പിക്കപ്പെട്ടു. ഉത്തർ പ്രദേശ്, ഹൈദരാബാദ്, കേരളം എന്നിവിടങ്ങളിലും സമാന സംഭവങ്ങൾ അരങ്ങേറി. ഇന്ന് ഷഹീൻ ബാഗിൽ ഇതിന് സമാനമായ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. ലക്ഷക്കണക്കിനാളുകളാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. അവർ ഏത് സമയത്തും നിങ്ങളുടെ വീട്ടിൽ കയറാം, സഹോദരിമാരെയും മക്കളെയും പീഡിപ്പിക്കാം കൊലപ്പെടുത്താം. ഇന്ന് നമുക്ക് സമയമുണ്ട്….നാളെ മോദിജിയോ അമിത് ഷായോ നിങ്ങളെ രക്ഷപ്പെടുത്താൻ വരണമെന്നില്ല….നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം മാത്രമേ ജനങ്ങൾ സുരക്ഷിതരായിരിക്കുള്ളു. വേറൊരാൾ അധികാരത്തിലേറിയാൽ ആർക്കും ഇവിടെ സുരക്ഷിതത്വം ലഭിക്കില്ല’- വർമ പറയുന്നു.
പശ്ചിമ ഡൽഹിയിലെ തന്റെ ലോക്‌സഭാ മണ്ഡലത്തിൽ ഒരു മുസ്ലിം പള്ളി പോലും ഉണ്ടാകാൻ സമ്മതിക്കില്ലെന്നും വർമ കൂട്ടിച്ചേർത്തു. ‘ഞങ്ങളുടെ സർക്കാർ അധികാരത്തിലേറിയാൽ ഫെബ്രുവരിക്ക് ശേഷം ഒരു മാസം സമയം തരൂ…എന്റെ മണ്ഡലത്തിൽ സർക്കാർ ഭൂമിയിൽ പണിത എല്ലാ മുസ്ലിം പള്ളികളും നീക്കം ചെയ്യും’- വർമ കൂട്ടിച്ചേർത്തു.
Story Highlights- Shaheen Bagh, Kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here