മുംബൈയ്ക്ക് പിന്നാലെ ഡൽഹിയിലേക്കും ടെസ്ല; ഷോറൂം ഈ മാസം തന്നെ തുറക്കും

അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ലയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂം ഡൽഹിയിൽ ഒരുങ്ങുന്നു. ഈ മാസം തന്നെ രണ്ടാമത്തെ ഷോറൂം തുറക്കും. ഓഗസ്റ്റ് 11ന് ഷോറൂം ഉദ്ഘാടനം ചെയ്യുമെന്നാണ് ടെസ്ല അറിയിച്ചിരിക്കുന്നത്. ജൂലൈ 15നാണ് ആദ്യ ഷോറൂം മുംബൈയിൽ ഉദ്ഘാടനം ചെയ്തത്. ഡൽഹിയിലെ എയ്റോ സിറ്റിയിലാണ് രാജ്യത്തെ രണ്ടാമത്തെ ഷോറൂം വരുന്നത്.
ആദ്യ ഷോറൂം മുംബൈയിൽ ആരംഭിച്ചതിന് പിന്നാലെ മോഡൽ വൈ അവതരിപ്പിക്കുകയും ബുക്കിങ് ആരംഭിക്കുകയും ചെയ്തിരുന്നു. ആഗോള വിപണിയിൽ ടെസ്‌ലയുടെ വിൽപന ഇടിഞ്ഞിരിക്കുന്ന സമയത്താണ് ഇന്ത്യയിലേക്കുള്ള ടെസ്‌ലയുടെ വരവ്. സ്റ്റാന്റേഡ്, ലോങ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളിൽ എത്തുന്ന ടെസ്‌ല മോഡൽ വൈയാണ് ടെസ്ല ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. 59.89 ലക്ഷം രൂപയും 67.89 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.
ഇന്ത്യയിലേക്ക് പൂർണമായും ചൈനയിൽ നിർമിച്ച യൂണിറ്റുകൾ (CBU) ആണ് എത്തുന്നത്. അതിന് ഇറക്കുമതി തീരുവ ബാധകമാണ്. ആ തീരുവ കൂടി ചേരുമ്പോഴാണ് വൻ വില കൊടുക്കേണ്ടി വരുന്നത്. ഇവിടെ നിർമിക്കുകയായിരുന്നെങ്കിൽ ഏകദേശം അമേരിക്കയിലെ വിലയിലൊക്കെ ടെസ്‌ല ലഭിക്കുമായിരുന്നു. അമേരിക്കയിൽ $37,490 ആണ് പ്രസ്തുത മോഡലിന്റെ വില തുടങ്ങുന്നത്. അതായത് 32 ലക്ഷം ഇന്ത്യൻ രൂപ.
ആദ്യം വിപണിയിൽ എങ്ങനെ വാഹനം സ്വീകരിക്കപ്പെടുമെന്ന് പരിശോധിക്കുക, ശക്തമായ ബ്രാൻഡ് ബിൽഡിങ് നടത്തുക അങ്ങനെ സംഗതി ക്ലച്ച് പിടിച്ചാൽ പതുക്കെ നിർമാണ യൂണിറ്റ് തുടങ്ങുക. ഇതാണ് മസ്കിന്റെ ഘട്ടം ഘട്ടമായുള്ള ഇന്ത്യൻ തന്ത്രമെന്ന് വിലയിരുത്തപ്പെടുന്നു.
Story Highlights : Tesla to open Delhi showroom soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here