Advertisement

‘കനിവ് 108 ആംബുലന്‍സുകള്‍’ സഹായം ഒരുക്കിയത് 28000 പേര്‍ക്ക്

January 29, 2020
1 minute Read

നാലു മാസംകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ ട്രോമാ കെയര്‍ ആംബുലന്‍സ് പദ്ധതിയായ കനിവ് 108 ആംബുലന്‍സുകള്‍ സഹായം ഒരുക്കിയത് ഇരുപത്തിയേഴായിരം പേര്‍ക്ക്. സെപ്റ്റംബര്‍ 25 മുതലാണ് സംസ്ഥാനത്തെ നിരത്തുകളില്‍ കനിവ് 108 ആംബുലന്‍സുകള്‍ സേവനം ആരംഭിച്ചത്.

സെപ്റ്റംബര്‍ 25 മുതല്‍ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 28,034 പേര്‍ക്കാണ് കനിവ് 108 ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കാന്‍ സാധിച്ചത്. ഇതില്‍ 4,115 എണ്ണവും വാഹനാപകടങ്ങളില്‍ പരുക്ക് പറ്റിയവരായിരുന്നു. ഡിസംബര്‍ മാസമാണ് ഏറ്റവും അധികം ആളുകള്‍ 108 ആംബുലന്‍സുകളുടെ സേവനം തേടിയത്. 8152 ആളുകള്‍ക്കാണ് ഡിസംബറില്‍ 108 ആംബുലന്‍സിന്റെ സേവനം നല്‍കാന്‍ സാധിച്ചത്. ഡിസംബറില്‍ മാത്രം 1156 വാഹനാപകടങ്ങളില്‍ പരുക്ക് പറ്റിയവര്‍ക്കും 1052 ഗര്‍ഭിണികള്‍ക്കും 108 ആംബുലന്‍സുകളുടെ സേവനം നല്‍കാന്‍ സാധിച്ചു.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം ആളുകള്‍ 108 ആംബുലന്‍സിന്റെ സേവനം വിനിയോഗിച്ചത്. 7275 പേര്‍ക്ക് നാലുമാസത്തിനിടയില്‍ ജില്ലയില്‍ 108 ആംബുലന്‍സുകളുടെ സേവനം നല്‍കുവാന്‍ സാധിച്ചത്. അടിയന്തിര ഘട്ടങ്ങളില്‍ കേരളത്തില്‍ എവിടെനിന്നും ജനങ്ങള്‍ക്ക് 108 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാവുന്നതാണ്. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ സജ്ജീകരിച്ചിരിക്കുന്ന 24 മണിക്കൂറും സജ്ജമായ കണ്‍ട്രോള്‍ റൂമിലേക്കായിരിക്കും 108 ലേക്ക് വരുന്ന ഓരോ വിളികളും എത്തുന്നത്.

രോഗിയുടെ പേര്, സ്ഥലം തുടങ്ങി അവശ്യ വിവരങ്ങള്‍ ശേഖരിച്ച ശേഷം കണ്‍ട്രോള്‍ റൂമില്‍ നിന്നായിരിക്കും നിങ്ങള്‍ക്ക് അടുത്തുള്ള ആംബുലന്‍സിന് സന്ദേശം കൈമാറുന്നത്. അത്യാധുനിക സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ആംബുലന്‍സില്‍ സജ്ജമാക്കിയിട്ടുള്ള ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണിലേക്ക് സന്ദേശം കൈമാറും. രോഗിയുടെ പേര്, എന്താണ് അത്യാഹിതം എന്നിങ്ങനെയുള്ള വിവരങ്ങളും സംഭവസ്ഥലത്തെക്കുള്ള മാപ്പും മൊബൈലില്‍ തെളിയും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ആംബുലന്‍സുകള്‍ കുതിച്ചെത്തുക. ഓരോ ആംബുലന്‍സുകളുടെയും യാത്ര കണ്‍ട്രോള്‍ റൂമിന്റെ നിരീക്ഷണത്തിലായിരിക്കും.

Story Highlights: 108 ambulance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top