‘മെട്രോ മിക്കി’ ഇനി സുരക്ഷിത കൈകളിൽ; ഏറ്റെടുത്ത് എറണാകുളം സ്വദേശിനിയായ മോഡൽ

കൊച്ചി മെട്രോ തൂണിൽ നിന്ന് രക്ഷപ്പെട്ട മെട്രോ മിക്കിയെന്ന പൂച്ച ഇനി സുരക്ഷിത കരങ്ങളിൽ. എറണാകുളം സ്വദേശിനി റിഷാനയാണ് മെട്രോ മിക്കിയെ ഏറ്റെടുത്തത്. എറണാകുളം ജില്ലാ പഞ്ചായത്ത് ഓഫീസിൽവച്ചാണ് പൂച്ചയെ എസ്പിസിഎ റിഷാനയ്ക്ക് കൈമാറിയത്.
ആറ് ദിവസം മെട്രോ തൂണിൽ കഴിച്ച് കൂട്ടിയ പൂച്ചയെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമം തന്നെ വേണ്ടി വന്നു പൂച്ചയെ താഴെയെത്തിക്കാൻ.
രക്ഷപ്പെട്ട അന്ന് മുതൽ തന്നെ പൂച്ചയ്ക്കായി നിരവധി ആളുകളും രംഗത്തെത്തി. ചിലർ പൂച്ച തങ്ങളുടേതാണെന്നുവരെ വാദിച്ചു. ഇതിനൊക്കെ ഒടുവിലാണ് ആവശ്യക്കാരുടെ പട്ടികയിൽ നിന്ന് എറണാകുളം സ്വദേശിനിയും മോഡലുമായ റിഷാനയ്ക്ക് കൈമാറാൻ എസ്പിസിഎ തീരുമാനിച്ചത്.
കർശന നിബന്ധനകളോട് കൂടിയാണ് മൃഗ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന എസ്പിസിഎ പൂച്ചയെ റിഷാനയ്ക്ക് കൈമാറിയിരിക്കുന്നത്. റിഷാനയുമായി മിക്കി ഇണങ്ങിയോ എന്ന് പരിശോധിക്കാൻ അടുത്ത ദിവസങ്ങളിൽ ബന്ധപ്പെട്ട അധികൃതർ റിഷാനയുടെ വീട്ടിൽ എത്തുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here