നടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്താരം തുടരുന്നു

നടിയെ ആക്രമിച്ച കേസിലെ സാക്ഷിവിസ്താരം കൊച്ചിയിലെ വിചാരണക്കോടതിയിൽ തുടരുന്നു. കേസിലെ ഇരയും മുഖ്യസാക്ഷിയുമായ യുവനടിയുടെ പ്രോസിക്യൂഷൻ വിസ്താരം ഇന്നും തുടരും. നാലു ദിവസം കൊണ്ട് ഇത് പൂർത്തീകരിച്ച ശേഷമാകും മറ്റു സാക്ഷികളെ വിസ്തരിക്കുക.
യുവ നടിയെ ദിലീപിന്റെ ക്വട്ടേഷൻ പ്രകാരം തട്ടിക്കൊണ്ട് പോയി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തുവെന്ന കേസിലാണ് അന്തിമ വിചാരണ ആരംഭിച്ചത്. കേസിൽ രഹസ്യ വിചാരണയാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ നടക്കുന്നത്. കേസിലെ ഇരയും ഒന്നാം സാക്ഷിയുമായ നടിയുടെ വിസ്താരം ഇന്നലെ ആരംഭിച്ചിരുന്നു. ഇത് ഇന്നും തുടരും. ഒന്നാം സാക്ഷിയുടെ വിസ്താരത്തിനായി 4 ദിവസമാണ് സമയപരിധി നിശ്ചയിച്ചിട്ടുള്ളത്.
രഹസ്യ വിചാരണയായതിനാൽ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് നിയന്ത്രണമുണ്ട്. വിചാരണയുടെ ഭാഗമായ അഭിഭാഷകർക്ക് മാത്രമെ കൊച്ചിയിലെ വിചാരണ കോടതിയിലേക്ക് പ്രവേശനമുള്ളു. ആദ്യ ഘട്ടത്തിൽ 136 സാക്ഷികളുടെ വിസ്താരം നടക്കും. മലയാള സിനിമാ രംഗത്തെ നടീ-നടൻമാർ ഉൾപ്പെടെയുള്ളവർ സാക്ഷി പട്ടികയിലുണ്ട്. മൊത്തം 359 പേരുടെ സാക്ഷിപ്പട്ടികയും 161 രേഖകളും 250 തൊണ്ടി മുതലുകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. 2017 ഫെബ്രുവരി 17 ന് രാത്രിയാണു നടി ആക്രമിക്കപ്പെട്ടത്. ഒന്നാം പ്രതി പൾസർ സുനി, എട്ടാം പ്രതി നടൻ ദിലീപ് എന്നിവരടക്കം 10 പേരാണ് കേസിലെ പ്രതിപ്പട്ടികയിലുള്ളത്.
എട്ടാം പ്രതി നടൻ ദിലീപടക്കമുള്ള മുഴുവൻ പ്രതികളും ഇന്നലെ കോടതിയിൽ ഹാജരായിരുന്നു. മുന്നുറ്റി അൻപതോളം സാക്ഷികളിൽ 136 പേർക്കാണ് ആദ്യ ഘട്ട വിസ്താരത്തിനായി സമൻസ് അയച്ചിരിക്കുന്നത്. 35 ദിവസത്തിനകം ഒന്നാം ഘട്ട സാക്ഷിവിസ്താരം പൂർത്തിയാക്കും. സിനിമാ താരങ്ങൾ അടക്കമുള്ളവരാണ് ഈ ആദ്യഘട്ട പട്ടികയിൽ ഉള്ളത്.
Story Highlights: Actress Attack Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here