മരണ വാറന്റ് സ്റ്റേ ചെയ്യണമെന്ന നിർഭയ പ്രതികളുടെ ഹർജി; വിധിപറയാൻ മാറ്റി

മരണ വാറന്റ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിർഭയ കേസ് പ്രതികൾ നൽകിയ ഹർജി വിധി പറയാൻ മാറ്റി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം ഡൽഹി പട്യാല ഹൗസ് കോടതി ഹർജിയിൽ വിധി പറയും. മൂന്ന് പ്രതികളുടെ വധശിക്ഷ നാളെ നടപ്പിലാക്കാൻ തയ്യാറാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
നിലവിലെ മരണവാറന്റ് പ്രകാരം നാളെ രാവിലെ ആറിനാണ് നാല് പ്രതികളുടേയും വധശിക്ഷ നടപ്പാക്കേണ്ടത്. ദയാഹർജി അടക്കം നിയമപരിഹാരം തേടുന്ന പശ്ചാത്തലത്തിൽ മരണവാറന്റ് റദ്ദ് ചെയ്യണമെന്നാണ് പ്രതികളുടെ ആവശ്യം. ഇക്കാര്യത്തിൽ തിഹാർ ജയിൽ അധികൃതരുടെ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമാകും ഡൽഹി പട്യാല ഹൗസ് കോടതി വിധി പുറപ്പെടുവിക്കുക.
ജനുവരി ഏഴിനാണ് പട്യാല ഹൗസ് കോടതി ആദ്യ മരണവാറന്റ് പുറപ്പെടുവിച്ചത്. എന്നാൽ, മുകേഷ് സിംഗിന്റെ ദയാഹർജി കാരണം 17ന് പുതിയ മരണവാറന്റ് ഇറക്കി. ഫെബ്രുവരി ഒന്നിന് പ്രതികളെ തൂക്കിലേറ്റാൻ നിർദേശിച്ചു. ഇതിനിടെയാണ് മറ്റൊരു പ്രതി വിനയ് ശർമ ദയാഹർജി സമർപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here