കൊറോണ സ്ഥിരീകരിച്ച വിദ്യാർത്ഥിയുമായി ബന്ധപ്പെട്ടവരുടെ പട്ടിക തയ്യാറാക്കാൻ തീരുമാനം

കൊറോണ ബാധയേറ്റ വിദ്യാർത്ഥി യാത്രയിലും മറ്റും ബന്ധപ്പെട്ടവരുടെ പട്ടിക തയാറാക്കാൻ തീരുമാനം. വിദ്യാർത്ഥിയുമായി ബന്ധപ്പെട്ടവർക്ക് രോഗ ലക്ഷണങ്ങളില്ലെങ്കിലും അവരെ കണ്ടെത്തി നിരീക്ഷിക്കും. റാപ്പിഡ് റെസ്പോൺസ് ടീമിന്റെ യോഗത്തിലാണ് തീരുമാനം.
കൊറോണ ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1053 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 15 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 24 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചതിൽ 15 പേർക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ബാക്കിയുള്ളവരുടെ ഫലം വരാനുണ്ട്. ചൈനയിൽ നിന്നുള്ള വിദ്യാർത്ഥിക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് റാപ്പിഡ് റെസ്പോൺസ് ടീമിന്റെ അടിയന്തരയോഗം ചേർന്നത്. വൈറസിനെ എങ്ങനെ പ്രതിരോധിക്കാമെന്നതാണ് യോഗം പ്രധാനമായും ചർച്ച ചെയ്തത്. രോഗം ബാധിച്ച വിദ്യാർത്ഥി യാത്രയിലും മറ്റും ബന്ധപ്പെട്ടവരെ കണ്ടെത്തി കോൺടാക്ട് ലിസ്റ്റുണ്ടാക്കാൻ തീരുമാനിച്ചു. ഇവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും അവരെ കണ്ടെത്താനും നിരീക്ഷിക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു. രോഗം പടരുന്നത് തടയാനുള്ള മുൻകരുതലെന്ന രീതിയിലാണിത്.
എല്ലാ ജില്ലാ ആശുപത്രികളിലും ആവശ്യമായ ക്രമീകരണമുണ്ടാക്കാൻ യോഗം നിർദേശം നൽകി. ജീവനക്കാർ കർശനമായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു. മെഡിക്കൽ സർവീസ് കോർപ്പറേഷൻ വഴി ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും സജ്ജമാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here