അഞ്ച് ദിവസങ്ങൾക്കുള്ളിൽ മൂന്നാമത്തെ സൂപ്പർ ഓവർ; ആവേശപ്പോരിൽ ഇംഗ്ലണ്ടിനു തകർപ്പൻ ജയം

അഞ്ച് ദിവങ്ങൾക്കുള്ളിൽ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത് മൂന്ന് സൂപ്പർ ഓവറുകൾക്ക്. ഏറ്റവും അവസാനമായി ഇന്ത്യ-ഇംഗ്ലണ്ട്-ഓസ്ട്രേലിയ ത്രിരാഷ്ട്ര വനിതാ ടി-20യിലെ രണ്ടാമത്തെ മത്സരത്തിലാണ് സൂപ്പർ ഓവർ മത്സരഫലം നിർണയിച്ചത്. ഈ മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഓസീസിനെ തോല്പിച്ചു. ഇതോടെ മൂന്ന് സൂപ്പർ ഓവറിലും സ്കോർ പിന്തുടർന്ന ടീം വിജയിക്കുന്ന കാഴ്ചക്കും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 156 റൺസാണ് എടുത്തത്. 9 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 39 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ ക്യാപ്റ്റൻ ഹെതർ നൈറ്റിൻ്റെ തുടർച്ചയായ രണ്ടാം അർധസെഞ്ചുറിയാണ് കരകയറ്റിയത്. 115നാലാം വിക്കറ്റിൽ ഫ്രാൻ വിൽസണുമായി 115 റൺസിൻ്റെ കൂട്ടുകെട്ടാണ് ഹെതർ പടുത്തുയർത്തിയത്. 45 പന്തുകളിൽ 8 ബൗണ്ടറികളും മൂന്ന് സിക്സറും സഹിതം 78 റൺസെടുത്ത ഹെതർ ഇന്നിംഗ്സിൻ്റെ അവസാന ഓവറിൽ പുറത്താവുകയായിരുന്നു. 28 പന്തുകളിൽ 4 ബൗണ്ടറികളും ഒരു സിക്സറും സഹിതം 39 റൺസെടുത്ത ഫ്രാൻ വിൽസൺ പുറത്താവാതെ നിന്നു.
മറുപടി ബാറ്റിംഗിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായതോടെ ഓസീസ് പതറി. ഒരു ഘട്ടത്തിൽ 114-7 എന്ന നിലയിൽ പരാജയം മുന്നിൽ കണ്ട ഓസ്ട്രേലിയക്ക് അന്നബെൽ സതർലൻഡ് (11 പന്തുകളിൽ 22), ഡെലിസ കിമ്മിൻസ് (6 പന്തുകളിൽ 15) എന്നിവരുടെ ഇന്നിംഗ്സുകളാണ് സമനില നേടിക്കൊടുത്തത്. എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ 156 റൺസെടുത്തത്. 45 പന്തുകളിൽ 9 ബൗണ്ടറികളും ഒരു സിക്സറും സഹിതം 65 റൺസെടുത്ത ബെത് മൂണിയാണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ.
സൂപ്പർ ഓവറിൽ ഓസ്ട്രേലിയക്ക് എട്ടു റൺ മാത്രമേ എടുക്കാനായുള്ളൂ. സോഫി എക്സലസ്റ്റൺ ഇംഗ്ലണ്ടിനായി പന്തെറിഞ്ഞപ്പോൾ എലിസ ഹീലിയും ആഷ്ലി ഗാർഡ്നറും ഓസ്ട്രേലിയക്കായി ബാറ്റ് ചെയ്തു. ഇംഗ്ലണ്ടിനായി ഹെതർ നൈറ്റും ഡാനിയൽ വ്യാട്ടും ബാറ്റിംഗിനിറങ്ങി. പന്തെറിഞ്ഞത് ഓസ്ട്രേലിയയുടെ എക്സ്പീരിയൻസ്ഡ് ഓൾറൗണ്ടർ എലിസ് പെറി. നാലു പന്തുകളിൽ ഇംഗ്ലണ്ട് ലക്ഷ്യം ഭേദിച്ചു. മൂന്നാമത്തെയും നാലാമത്തെയും പന്തുകളിൽ തുടർച്ചയായ ബൗണ്ടറി കണ്ടെത്തിയ ഹെതർ നൈറ്റാണ് ഇംഗ്ലണ്ടിന് ഉജ്ജ്വല ജയം സമ്മാനിച്ചത്.
ആദ്യ മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റിന് തോല്പിച്ചിരുന്നു. ഇന്ത്യക്കായി 42 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് തിളങ്ങിയത്. കൗമാര ഓപ്പണർ ഷഫാലി വർമ്മ 30 റൺസെടുത്തു.
Story Highlights: Super Over, England, Australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here