പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധം; കനയ്യ കുമാറിനെ തടഞ്ഞ് വച്ചതിന് ഉദ്യോഗസ്ഥർക്ക് ബീഹാർ മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനെത്തിയ ഇടത്പക്ഷ നേതാവ് കനയ്യ കുമാറിനെ തടഞ്ഞു വച്ചതിന് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ‘ജനാധിപത്യമുള്ള രാജ്യത്ത് ആർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ആരെങ്കിലും സമാധാനപരമായി പ്രതിഷേധിക്കുമ്പോൾ അതിൽ നിയമപരമായി ഒരു പ്രശ്‌നവുമുണ്ടാവില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് സർക്കാരിന്റെ കടമയാണ്. പ്രതിഷേധക്കാർക്ക് സുരക്ഷയും ഉറപ്പ് വരുത്തണം.’ നിതീഷ് കുമാർ വെസ്റ്റ് ചമ്പാരനിലെ ജില്ലാ മജിസ്‌ട്രേറ്റിനോട് ഇങ്ങനെ പ്രതികരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
Read Also: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ശ്രദ്ധാ കേന്ദ്രമായി ഷഹീൻ ബാഗ്
ഗാന്ധിയുടെ രക്‌തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച നടത്തുന്ന ജനഗൺമൻ യാത്രക്കെത്തിയ കനയ്യ കുമാറിനെ ഉദ്യോഗസ്ഥർ തടഞ്ഞ് വയ്ക്കുകയായിരുന്നു. മഹാത്മാഗാന്ധി ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്ത സ്ഥലമാണ് ചമ്പാരൻ. വെസ്റ്റ് ചമ്പാരൻ ബിജെപി എംപിയായ സഞ്ജയ് ജൈസ്വാളിനെ പ്രീതിപ്പെടുത്താനാണ് ഉദ്യോഗസ്ഥർ ഇങ്ങനെ ചെയ്തതെന്നാണ് വിവരം.
നിതീഷിന്റെ പ്രതികരണത്തിന് ശേഷം മാർച്ചിന് അനുമതി നൽകുക മാത്രമല്ല സുരക്ഷ കൂടി അധികൃതർ നൽകി. കോൺഗ്രസ് നേതാവായ ഷക്കീൽ അഹമ്മദ് ഖാനും പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. നിതീഷ് കുമാറിന് കനയ്യ നന്ദി അറിയിച്ചു. ബിജെപി എംപിയുടെ മുഖത്തേറ്റ അടിയാണിതെന്ന് നേതാവ് പ്രതികരിച്ചു.
kanayya kumar, nithish kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here