നാൽപ്പത്തിയേഴു വർഷത്തെ ബന്ധത്തിന് അവസാനം; ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിട്ടു

ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്ന് ഔദ്യോഗികമായി വേർപിരിഞ്ഞു. 4 വർഷം നീണ്ട് നിന്ന അനിശ്ചിതത്വത്തിനാണ് ഇതോടെ അവസാനമാകുന്നത്. ബ്രിട്ടന്റെ പുതിയ യുഗത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നതെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻറെ വാക്കുകൾ. ബ്രെക്‌സിറ്റ് ഒന്നിന്റെയും അവസാനമല്ലെന്നും പകരം ഒരു തുടക്കമാണെന്നും ബോറിസ് വ്യക്തമാക്കി.
യൂറോപ്യൻ യൂണിയനുമായി 47 വർഷമായി തുടരുന്ന ബന്ധം ആണ് ബ്രിട്ടൻ അവസാനിപ്പിക്കുന്നത്. ബ്രിട്ടന്റെ ഇരു പാർലമെന്റ് ഹൗസുകളും പാസാക്കിയ ബില്ലിൽ കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രിയും എലിസബത്ത് രാജ്ഞിയും ഒപ്പുവച്ചിരുന്നു. പിന്നാലെ യൂറോപ്യൻ പാർലമെന്റും ബിൽ അംഗീകരിച്ചു. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് കടക്കുന്ന ബ്രിട്ടൻറെ ഭാവി ഉറ്റുനോക്കുകയാണ് ലോകം. അടുത്ത പതിനൊന്നുമാസം ബ്രിട്ടന് പരിവർത്തനഘട്ടമായിരിക്കുമെന്ന് ബ്രെക്‌സിറ്റ് കരാറിൽ വ്യവസ്ഥചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾ മിക്കതും ബ്രിട്ടനും ബാധകമായിരിക്കും.
എന്നാൽ, യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ ബ്രിട്ടനു പ്രാതിനിധ്യമുണ്ടാവില്ല. ഈ പരിവർത്തന കാലഘട്ടത്തിൽ ബ്രിട്ടൻ സ്വന്തനിലയിൽ ഇയുവിലെ രാജ്യങ്ങളുമായി വാണിജ്യകരാറുണ്ടാക്കണമെന്നാണ് വ്യവസ്ഥ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here