‘ഇന്ന് തൊട്ട് നീ എന്നെക്കുറിച്ച് ഓർത്ത് അഭിമാനിക്കും’: ജാമിഅയിൽ വെടിവച്ച അക്രമി സഹോദരിയോട് വീട്ടിൽ നിന്ന് ഇറങ്ങും മുൻപ് പറഞ്ഞത്

ജാമിഅ മില്ലിയയിലെ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്ത അക്രമി വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ സഹോദരിയോട് പറഞ്ഞത് ഇങ്ങനെ, ‘നീ എന്നിൽ അഭിമാനിക്കുന്നുണ്ടോ? ഇന്ന് തൊട്ട് നീ എന്നെക്കുറിച്ചോർത്ത് അഭിമാനിക്കും’. സ്‌കൂളിൽ പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞ വിദ്യാർത്ഥി ഡൽഹിയിലേക്കുള്ള ബസിൽ കയറുകയാണുണ്ടായത്. തിരിച്ചെത്തി കസിന്റെ വിവാഹത്തിന് വരാമെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചു. ഡൽഹിയിലെത്തിയ ശേഷം ഓട്ടോ പിടിച്ച് ജാമിഅയിൽ എത്തിച്ചേർന്നെന്നും പൊലീസ് ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
Read Also: ജാമിഅ വെടിവെപ്പ്; ഗൂഡാലോചനക്ക് പിന്നിൽ ഡൽഹി പൊലീസിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനെന്ന് സംശയം
പ്ലസ് വൺ വിദ്യാർത്ഥി തോക്ക് 10,000 രൂപയ്ക്കാണ് വാങ്ങിയത്. തന്റെ ഗ്രാമമായ ജേവാറിന് അടുത്ത് താമസിക്കുന്ന ഒരാളിൽ നിന്നാണ് തോക്ക് വാങ്ങിയിരിക്കുന്നത്. കസിന്റെ വിവാഹാഘോഷത്തിന് ഉപയോഗിക്കാനാണെന്ന് നുണ പറഞ്ഞാണ് പതിനേഴുകാരൻ ഇത് വാങ്ങിയതെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യയിലുണ്ടാക്കിയ പിസ്റ്റളിന് പുറമേ രണ്ട് വെടിയുണ്ടകളും വിദ്യാർത്ഥിക്ക് വിൽപനക്കാരൻ നൽകി. ഉപയോഗിക്കാതിരുന്ന വെടിയുണ്ട വിദ്യാർത്ഥിയിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു.
തോക്ക് കുട്ടിക്ക് കൊടുത്ത ആളെയും ഇയാളുമായി ബന്ധപ്പെടാൻ സഹായിച്ച സുഹൃത്തിനേയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. അവർക്കായുള്ള തെരച്ചിൽ ആരംഭിച്ചു. അവർക്കെതിരെ നിയമപ്രകാരമുള്ള നടപടിയുണ്ടാകും. അന്വേഷണ സംഘം ഉത്തർപ്രദേശ് പൊലീസിനോട് ഇതിന് വേണ്ട സഹായം അഭ്യർത്ഥിക്കും.
വിദ്യാർത്ഥിയുടെ ഗ്രാമത്തിൽ നിന്നുള്ള ചിലർ പറയുന്നത് ഏതെങ്കിലും പ്രാദേശിക നേതാവിൽ നിന്നായിരിക്കും കുട്ടിക്ക് തോക്ക് കിട്ടിയിട്ടുണ്ടാവുക എന്നാണ്. രണ്ട് – മൂന്ന് മാസമായി പതിനേഴുകാരനെ കണ്ടുവരുന്നത് ഇവിടെയുള്ള രാഷ്ട്രീയക്കാർക്കൊപ്പമാണെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ചിലർ പ്രതികരിച്ചു.
jamia millia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here