‘എസ്ഡിപിഐയെ പറയുമ്പോൾ പ്രതിപക്ഷത്തിന് പൊള്ളുന്നതെന്തിന് ?’ : മുഖ്യമന്ത്രി സഭയിൽ

പൗരത്വ നിയമഭേദഗതിക്കെതിരായ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിനെച്ചൊല്ലി സഭയിൽ ഭരണ പ്രതിപക്ഷ ബഹളം. നിയമാനുസൃതം പ്രതിഷേധിച്ച ആർക്കുമെതിരെ സംസ്ഥാനത്ത് കേസെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, എസ്ഡിപിഐ
പോലുള്ള തീവ്രവാദ സംഘടനകൾ സമരങ്ങളിൽ നുഴഞ്ഞു കയറി പ്രതിഷേധങ്ങളെ വഴി തിരിച്ചു വിടാൻ ശ്രമിക്കുന്നുവെന്ന് അരോപിച്ചു. ഇതിനെതിരെ കണ്ണടക്കാൻ ആവില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അങ്കമാലി മഹല്ല് കമ്മിറ്റി നടത്തിയ മാർച്ചിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തത് സംബന്ധിച്ച റോജി എം ജോണിന്റെ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Read Also : പൗരത്വ നിയമ ഭേദഗതി; കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി മുംബൈയിൽ
പൗരത്വ നിയമഭേദഗതിക്കെതിരായി സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത് സർക്കാർ നയമല്ലെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. അന്യായമായി ആർക്കുമെതിരെ കേസ് എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എസ്ഡിപിഐയെ പറയുമ്പോൾ പ്രതിപക്ഷത്തിന് പൊള്ളുന്നതെന്തെന്ന് മുഖ്യമന്ത്രി ചോദിച്ചു.
തങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ മുഖ്യമന്ത്രി എസ്ഡിപിഐക്കെതിരെ ആരോപണം ഉന്നയിക്കുന്നത് പൊലീസ് വീഴ്ച മറച്ചുവെക്കാനാണെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്ത് എത്തിയതോടെ സഭാതലം ഭരണപ്രതിപക്ഷ വാക്‌പോരിൽ മുങ്ങി.
Story Highlights- SDPI, Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here