കണ്ണൂരിൽ മാധ്യമ പ്രവർത്തകനെയും കുടുംബത്തേയും ആക്രമിച്ച കേസ്; മുഖ്യപ്രതിയെ കേരളത്തിലെത്തിച്ചു

കണ്ണൂരിൽ മാധ്യമ പ്രവർത്തകനെയും കുടുംബത്തേയും ആക്രമിച്ച് വീട് കൊള്ളയടിച്ച കേസിലെ മുഖ്യപ്രതിയെ കേരളത്തിലെത്തിച്ചു. ബംഗ്ലാദേശിൽ നിന്നുള്ള കൊള്ളസംഘത്തിന്റെ തലവനാണ് പശ്ചിമ ബംഗാൾ അതിർത്തിയിൽ പിടിയിലായത്. കേസിൽ രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.
മാതൃഭൂമി ദിനപത്രത്തിലെ ന്യൂസ് എഡിറ്ററായ കെ.വിനോദ് ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച് വീട് കൊള്ളയടിച്ച സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് ഇലാഷ് ഷിക്കാരി. ബംഗാൾ അതിർത്തിയായ ബഷീർ ഹട്ട് എന്ന സ്ഥലത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. അറസ്റ്റ് ചെയ്യുമ്പോൾ ഇയാൾ സ്വന്തം കൈയിലെ ഞരമ്പ് മുറിക്കാനും ആശുപത്രിയിൽ വെച്ച് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാനും ശ്രമിച്ചിരുന്നു.
ഡൽഹിയിലെ സീമാ പുരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബംഗ്ലാ നൈറ്റ് റോബേഴ്‌സ് എന്നറിയപ്പെടുന്ന കൊള്ളസംഘത്തിൽപ്പെട്ടവരാണ് മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.കർണ്ണാടകയിലെ ഹൂബ്ലിയിൽ കൊലക്കേസിൽ പ്രതിയായ ഇലാഷിനെതിരെ വിവിധ സംസ്ഥാനങ്ങളിലായി നിരവധി കേസുകളുണ്ട്.കേരളത്തിൽ എറണാകുളം നോർത്ത്, തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് സ്റ്റേഷൻ പരിധികളിലെ കവർച്ചാ കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്.മൊബൈൽ ഫോണുകളുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
2018 സെപ്തംബർ ആറിനാണ് വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും മർദ്ദിച്ച് അവശരാക്കിയ ശേഷം വീട് കൊള്ളയടിച്ചത്. കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ നാലായി. ആദ്യം പിടിയിലായ മുഹമ്മദ് ഹിലാൽ ജാമ്യം ലഭിച്ച ശേഷം മുങ്ങിയിരിക്കുകയാണ്. മറ്റൊരു പ്രതിയായ മാണിക് സർക്കാർ കഴിഞ്ഞ ദിവസം കോടതിയിൽ കൊണ്ടു പോകുന്നതിനിടെ തൃശൂരിൽ വെച്ച് ട്രെയിനിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി. അലംകീർ എന്ന മറ്റൊരു പ്രതി ഇപ്പോൾ റിമാൻഡിലാണ്. രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്.
Story Highlights- Attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here