കാസർഗോഡ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

കാസർഗോഡ് സ്വദേശിയായ യുവാവിനെ കർണാടകയിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ചെമ്പരിക്ക സ്വദേശി തസ്ലീം (38) എന്ന മുത്തസ്ലീമാണ് മംഗളൂരുവിനടുത്ത് ബണ്ട്വാളിൽ കൊല്ലപ്പെട്ടത്. കർണാടകയിലെ നെലോഗി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ജനുവരി 31നാണ് തസ്ലീമിനെ തട്ടിക്കൊണ്ടുപോയത്.
കർണാടകയിൽ ജ്വല്ലറി കവർച്ചാ കേസിൽ പ്രതിയായ അഫ്ഗാൻ സ്വദേശിയായ യുവാവിനൊപ്പം കഴിഞ്ഞ സെപ്തംബർ 16 ന് കാസർഗോഡ് ചെമ്പരിക്ക സ്വദേശിയായ തസ്ലീമും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ജയിൽ മോചിതനായി സുഹൃത്തുക്കൾക്കൊപ്പം കാറിൽ നാട്ടിലേക്ക് വരുമ്പോഴാണ് തസ്ലീമിനെ കാറിലെത്തിയ സംഘം ബലമായി പിടിച്ചു കൊണ്ടുപോയത്. സുഹൃത്തുക്കളുടെ പരാതിയിൽ കർണാടക പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. മംഗളൂരിന് സമീപം ബണ്ട്വാളിൽ തസ്ലീം ബന്ദിയാക്കപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് പൊലീസ് ഇവിടം വളഞ്ഞു. ഇതിനിടെ തസ്ലീമുമായി സംഘം വാഹനത്തിൽ രക്ഷപ്പെട്ടു. പൊലീസ് പിടികൂടുമെന്ന ഘട്ടം വന്നപ്പോൾ തസ്ലീമിനെ കാറിലിട്ട് കൊലപ്പെടുത്തി ജഢം ബണ്ട്വാളിൽ തള്ളുകയായിരുന്നു. കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. ഞായറാഴ്ച വൈകിട്ടാണ് കൊല നടന്നത്.
കൊലയാളി സംഘത്തിലെ നാല് പേരെ കർണ്ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ ഒരാൾ മലയാളിയും 3 പേർ കർണാടക ഉള്ളാൾ സ്വദേശിയുമാണ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് സൂചന. ആർഎസ്എസ് നേതാവിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടുവെന്ന പരാതിയിലും ഡൽഹിയിലെ മറ്റൊരു കേസിലും അറസ്റ്റിലായ തസ്ലീമിനെ പിന്നീട് വിട്ടയച്ചിരുന്നു. ദുബായിലായിരുന്ന കാലത്ത് റോയുടേയും ഇന്റർപോളിന്റേയും ദുബായ് പൊലീസിന്റേയും ഇൻഫർമർ ആയി തസ്ലീം പ്രവർത്തിച്ചിരുന്നതായി വിവരമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here