Advertisement

ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറി പണം തട്ടുന്ന വിരുതന്‍ പിടിയില്‍

February 3, 2020
Google News 1 minute Read

തൃശൂര്‍ പുതുക്കാട് ദേശീയപാതയില്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറി യാത്രക്കാരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്നയാളെ പുതുക്കാട് പൊലീസ് അറസ്റ്റുചെയ്തു. പുതുക്കാട് തെക്കേതൊറവ് പണ്ടാരി വീട്ടില്‍ ഡേവിഡ് (22) ആണ് അറസ്റ്റിലായത്.. കഴിഞ്ഞ രണ്ടുവര്‍ഷമായി ഡേവിഡ് ഇത്തരം നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് നെല്ലായി സ്വദേശി നിധിന്റെ ബാഗില്‍നിന്ന് 14000 രൂപ മോഷ്ടിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്.

പുതുക്കാട് സെന്ററിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ വീഡിയോ ദൃശ്യങ്ങളാണ് ഇയാളെ കുടുക്കിയത്. പുതുക്കാട് സെന്ററിലും പാലിയേക്കര ടോള്‍പ്ലാസയിലും നിന്നാണ് ഇയാള്‍ ബൈക്കുകളില്‍ ലിഫ്റ്റ് ചോദിച്ച് കയറുന്നത്. പിറകില്‍ ബാഗുമായി വരുന്ന ബൈക്ക് യാത്രക്കാരെ കേന്ദ്രീകരിച്ചാണ് ആസൂത്രണം ചെയ്തിരുന്നത്. ബാഗില്‍നിന്ന് പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കവര്‍ന്നയുടനെ ബൈക്ക് യാത്രക്കാര്‍ക്ക് സംശയം തോന്നാത്തരീതിയില്‍ പാതിവഴിയില്‍ ഇറങ്ങുകയാണ് പതിവ്. പുതുക്കാട് സ്റ്റേഷനില്‍ മാത്രം ആറുപേരുടെ പണം കവര്‍ന്നതായി പരാതിയുണ്ട്.

പുതുക്കാട് പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷിക്കുന്നതിനിടെയാണ് നിരീക്ഷണ ക്യാമറയില്‍നിന്ന് ഇയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. 5000 മുതല്‍ 50000 രൂപ വരെ പല ബൈക്ക് യാത്രക്കാരില്‍നിന്നായി മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞദിവസം ആലുവ സ്വദേശിയായ ബൈക്ക് യാത്രക്കാരന്റെ പണം കവര്‍ന്നതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. ഇങ്ങനെ ലഭിക്കുന്ന പണംകൊണ്ട് ആഡംബര ബൈക്ക് വാടകയ്‌ക്കെടുത്ത് സുഖവാസകേന്ദ്രങ്ങളില്‍ കൂട്ടുകാരുമൊത്ത് കറങ്ങിനടക്കുകയാണ് ഇയാളുടെ പതിവ്.

Story Highlights: kerala police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here