ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം വീണ്ടും പരിഗണിക്കണമെന്ന ആവശ്യം നിയമസഭ വോട്ടിനിട്ടു തള്ളി

ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയം കാര്യോപദേശക സമിതി വീണ്ടും പരിഗണിക്കണമെന്ന പ്രതിപക്ഷ ആവശ്യം നിയമസഭ വോട്ടിനിട്ടു തള്ളി. വിമര്‍ശനം പറഞ്ഞതിന്റെ പേരില്‍ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യത്തോട് യോജിക്കാനാവില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഗവര്‍ണറോടുള്ള നിലപാടില്‍ സര്‍ക്കാരിന് ഇരട്ടമുഖമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയം അനുവദിക്കാനാവില്ലെന്ന കാര്യോപദേശക സമിതി റിപ്പോര്‍ട്ട് മുഖ്യമന്ത്രിയാണ് നിയമസഭയില്‍ വെച്ചത്. പ്രമേയം കാര്യോപദേശക സമിതി വീണ്ടും പരിഗണിക്കണമെന്നാവശ്യപ്പെട്ട് ചട്ടം 215 പ്രകാരം പ്രതിപക്ഷ നേതാവ് ഉപക്ഷേപം അവതരിപ്പിച്ചു. ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷവും സര്‍ക്കാരും ഒരുമിച്ചാണ് പ്രതികരിച്ചത്. എന്നാല്‍ ഗവര്‍ണറെ തിരിച്ചു വിളിക്കണം എന്ന് വന്നപ്പോള്‍ സര്‍ക്കാര്‍ നിലപാടുമാറ്റിയെന്ന് അദ്ദേഹം ആരോപിച്ചു.

ഗവര്‍ണര്‍ പറഞ്ഞതിനൊക്കെ മറുപടി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, കോണ്‍ഗ്രസും ഗവര്‍ണര്‍മാരെ തരാതരംപോലെ ഉപയോഗിച്ചിട്ടുണ്ടെന്ന് എന്ന് ചൂണ്ടിക്കാട്ടി. പി ടി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം കെ മുനീര്‍ എന്നിവരും സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചു. പ്രതിപക്ഷാംഗങ്ങള്‍ക്ക് മാത്രം സംസാരിക്കാന്‍ അവസരം നല്‍കുന്നതിനെ ചോദ്യം ചെയ്ത എ കെ ബാലന്‍ സ്പീക്കറുമായി വാക്കേറ്റം നടത്തി.

36നെതിരെ 74 വോട്ടുകള്‍ക്കാണ് പ്രതിപക്ഷ ആവശ്യം ആദ്യം നിയമസഭ തള്ളിയത്. വോട്ടെടുപ്പില്‍ ഒരു രാജഗോപാല്‍ പങ്കെടുക്കാതിരുന്നപ്പോള്‍ പി സി ജോര്‍ജ് നിഷ്പക്ഷത പാലിച്ചു.

Story Highlights: kerala governor, arif muhammad khanനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More