മലപ്പുറത്ത് സ്‌കൂൾ ബസിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ച സംഭവം; വിശദമായ അന്വേഷണത്തിന് ഉത്തരവ്

മലപ്പുറം കൂട്ടിലങ്ങാടിക്ക് സമീപം സ്‌കൂൾ ബസിൽ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് തൃശൂർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണറെ ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ ചുമതലപ്പെടുത്തി. മലപ്പുറം എൻഫോഴ്‌സ്‌മെന്റ് ആർടിഒ ഗോകുൽ സ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഡ്രൈവറുടെ അശ്രദ്ധയും അറ്റന്റർ ഇല്ലാതെ സർവീസ് നടത്തിയതുമാണ് അപകടകാരണമെന്നാണ് കണ്ടെത്തൽ.
Read Also: കവളപ്പാറ ദുരന്തം; പുനരധിവാസം വൈകുന്നുവെന്ന് ഹൈക്കോടതിയിൽ ഹർജി
വാഹന ഡ്രൈവറുടെ ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദാക്കാനുള്ള നടപടി മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ച് വരുന്നു. അറ്റന്റർ ഇല്ലാതെ ബസ് സർവീസ് നടത്തിയ സ്‌കൂൾ അധികാരികൾക്കെതിരെ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കും.
മലപ്പുറം കുറുവ എയുപി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഫർസീനാണ് സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ബസിൽ നിന്ന് തെറിച്ച് വീണ് മരിച്ചത്. രാവിലെ 10 മണിയോടെ വിദ്യാർത്ഥികളുമായി ബസ് സ്‌കൂളിലേക്ക് വരുന്ന വഴിയാണ് ദുരന്തമുണ്ടായത്. ഡോറിന്റെ ലോക്ക് സ്‌കൂൾബാഗിൽ കുടുങ്ങി ഡോർ തുറന്ന് പോവുകയും ഫർസീൻ തെറിച്ച് വീഴുകയുമായിരുന്നു. സ്‌കൂൾ ബസിന്റെ തന്നെ പിൻചക്രം കയറി ഇറങ്ങിയതും മരണത്തിന് കാരണമായി. മരിച്ച ഫർസീന്റെ മാതാവ് ഇതേ സ്‌കൂളിലെ അധ്യാപികയാണ്, ഇവർ പ്രസവാവധിയിൽ ലീവിലാണ്. സ്‌കൂൾ ബസിന്റെ നിരുത്തരവാദപരമായ സമീപനത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. കുട്ടിയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
malappuram school bus accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here