പൗരത്വ നിയമ ഭേദഗതി: കേരളത്തിന്റെ ഹര്‍ജിക്ക് വിശദമായ മറുപടി നല്‍കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് കേന്ദ്രീകരിച്ചു ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. സുപ്രിംകോടതി സമന്‍സ് ലഭിച്ചതോടെ, കേരളത്തിന്റെ ആരോപണത്തില്‍ വിശദമായ മറുപടി നല്‍കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. പൗരത്വ നിയമഭേദഗതി ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ തന്നെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചത്. കേരളത്തിന്റെ ഹര്‍ജിയെ എതിര്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്ന നിലപാട് കോടതിയില്‍ നിര്‍ണായകമാകും

സ്യൂട്ട് ഹര്‍ജിയില്‍ എതിര്‍കക്ഷിയായ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞ മാസം 29 ന് കോടതി സമന്‍സ് അയച്ചു. ഒരു മാസത്തിനകം മറുപടി നല്‍കണമെന്നായിരുന്നു സമന്‍സിലെ നിര്‍ദേശം. സമന്‍സും ഹര്‍ജിയുടെ പകര്‍പ്പും കൈപ്പറ്റിയ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വിശദമായ മറുപടി സമര്‍പ്പിക്കാനുളള നടപടികള്‍ ആരംഭിച്ചെന്നാണ് സൂചന. കേരളത്തിന്റെ ഹര്‍ജി നിലനില്‍ക്കില്ല എന്ന വാദത്തില്‍ ഊന്നിയാകും അറ്റോര്‍ണി ജനറലിന്റെ മറുപടി. ഇതുസംബന്ധിച്ച് കേന്ദ്ര നിയമമന്ത്രാലയം എജിയുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന. എജിയുടെ മറുപടി ലഭിച്ച ശേഷം കേരളത്തിന്റെ ഹര്‍ജി തുറന്ന കോടതിയില്‍ ലിസ്റ്റ് ചെയ്തേക്കും.

 


							
              

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More