പന്തീരാങ്കാവ് യുഎപിഎ കേസ്; പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയ നോട്ടീസ് നൽകി

പന്തീരാങ്കാവ് യുഎപിഎ കേസ് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയ നോട്ടീസ് നൽകി. എംകെ മുനീറാണ് നോട്ടീസ് നൽകിയത്. എൻഐഎയ്ക്ക് എവിടെയും ചെന്ന് കേസ് എടുക്കാൻ കഴിയില്ലെന്നും കേരള പൊലീസ് യുഎപിഎ ചുമത്തിയതുകൊണ്ടാണ് എൻഐഎ വന്നതെന്നും മുനീർ പറഞ്ഞു.
എന്നാൽ, എൻഐഎ എത്തിച്ചത് സർക്കാറിന്റെ പ്രചാരണം തെറ്റാണെന്നും കേന്ദ്ര നിർദേശ പ്രകാരമാണ് കേസ് ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന ഉസ്മാൻ മുൻപ് അഞ്ച് യുഎപിഎ കേസുകളിൽ പ്രതിയായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. അലനും താഹയ്ക്കും എതിരെയുള്ള കേസ് ആഭ്യന്ത്ര മന്ത്രാലയത്തിന്റെ നിർദേശാനുസരണമാണ് എൻഐഎ ഏറ്റെടുത്തത്. സംസ്ഥാന സർക്കാർ നൽകി എന്നുള്ള പ്രചരണം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പി ചിദംബരം കേന്ദ്രമന്ത്രിയായിരിക്കുന്ന സമയത്താണ് ഇത്തരമൊരു നിയമം പാസാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഈ വിദ്യാർത്ഥികളെ പുറത്താക്കിയത് ഹാജർ ഇല്ലാത്തത് കൊണ്ടാണെന്നും ഇതിനെയും സർക്കാറിനെ പഴിക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ, എൻഐഎയ്ക്ക് എവിടെയും ചെന്ന കേസെടുക്കാനുള്ള സ്വതന്ത്ര്യമില്ല. അങ്ങനെ എങ്കിൽ ഇവിടെ ആർക്കും ജീവിക്കാൻ പറ്റുന്ന സാഹചര്യമുണ്ടോയെന്നും എംകെ മുനീർ ആരാഞ്ഞു. മാത്രമല്ല, ഷെഡ്യൂൾഡ് ഒഫൻസ് വിഭാഗത്തിൽപ്പെട്ട കുറ്റം ചുമത്തിയത് കേരള പൊലീസാണ് എന്നുള്ളത് മറക്കരുത്. തെളിവുണ്ടോ ഇല്ലയോ എന്നുള്ളതിൽ വ്യക്തമായ മറുപടി പറയാൻ കേരള പൊലീസിന് കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം ആരോപിച്ചു.
നാല് വർഷമായി നിരീക്ഷണത്തിലായിരുന്നുവെന്നാണ് പാർട്ടി നേതാക്കൾ അടക്കം പറയുന്നത്. എന്നാൽ, എന്തുകൊണ്ട് ഇയാളെ തിരുത്താൻ പാർട്ടി തയാറായില്ല എന്നും അദ്ദേഹം ചോദിച്ചു. പി മോഹൻ അടക്കം നിരവധി പേർ ഈ അവസ്ഥയെ തള്ളിപ്പറയുന്ന സാഹചര്യമുണ്ടായി. എൻഐഎയിൽ നിന്ന് കേസ് കേരളം ഏറ്റെടുക്കണം എന്നാണ് എംകെ മുനീർ പ്രധാനമായും മുന്നോട്ട് വച്ച നിർദേശം.
മക്കൾ കേസിൽപ്പെട്ടാൻ മാതാപിതാക്കൾക്ക് ആശങ്കയുണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാൽ അത് മുതലെടുക്കാൻ ശ്രമിക്കുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. അലന്റെയും താഹയുടെയും കുടുംബത്തോട് കാര്യങ്ങൾ നേരത്തെ വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, അലനും താഹയും പാർട്ടി നിരീക്ഷണത്തിലായിരുന്നില്ല പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്ന് പി ജയരാജൻ പറഞ്ഞു. തീവ്രവാദ ഗ്രൂപ്പുകൾ തമ്മിൽ പരസ്പരബന്ധമുണ്ടെന്നും മാവോയിസ്റ്റുകളുടെ കാര്യം വരുമ്പോൾ അത് ശക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻപിൻ നോക്കാതെ യുഎപിഎ കേസ് എടുത്തിരുന്ന സാഹചര്യം മുൻപുണ്ടായിരുന്നു. 123ലധികം കേസുകളാണ് മുൻ സർക്കാറിന്റെ കാലത്ത് ഇത്തരത്തില് രജിസ്റ്റർ ചെയ്തത്. ഇടതു മുന്നണിയെ രാഷ്ട്രീയമായി എതിർക്കാൻ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും മാവോയിസ്റ്റുകളെ ന്യായീകരിക്കുന്ന സമീപനം ഉണ്ടാവരുത്. ഈ രീതി ശരിയാണോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here