കൈക്കൂലി കേസ് ; അറസ്റ്റിലായ കായംകുളം നഗരസഭയിലെ അസിസ്റ്റന്റ് എഞ്ചിനീയറെ സസ്പെന്റ് ചെയ്തു

കരാറുകാരില്‍ നിന്ന് പണം കൈപ്പറ്റുന്നതിനിടയില്‍ വിജിലന്‍സിന്റെ അറസ്റ്റിലായ കായംകുളം നഗരസഭയിലെ അസിസ്റ്റന്റ് എഞ്ചിനീയറെ സസ്പെന്റ് ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ നിര്‍ദേശപ്രകാരമാണ് പി രഘുവിനെ അനേഷ്വണ വിധേയമായി സസ്പെന്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് വീട്ടില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ കായംകുളം നഗരസഭാ അസിസ്റ്റന്റ് എഞ്ചിനീയറെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.
അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘം രഘുവിനെ പിടികൂടിയത്. കായംകുളം നഗരസഭയിലെ മരാമത്ത് ജോലികള്‍ ചെയ്യുന്ന കരാറുകാരനോട്, സെക്യൂരിറ്റി തുക തിരികെ കിട്ടാന്‍ കൈക്കൂലി നല്‍കണമെന്ന് ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടു. ആദ്യം 83000 രൂപ ചോദിച്ചു, ഇത് നല്‍കാനാകില്ലെന്ന് അറിയിച്ചതോടെ തുക അമ്പതിനായിരം ആയി കുറച്ചു. പിന്നെയും പണം നല്കാന് കൂട്ടാക്കാതെ വന്നതോടെ കരാറുകാരന്റെ മറ്റ് ജോലികളുടെ ഫയലുകളും ഇയാള്‍ തടഞ്ഞുവച്ചു. ഒടുവില്‍ അമ്പതിനായിരം രൂപ വീട്ടിലെത്തിക്കുന്ന ദിവസം സെക്യൂരിറ്റി തുക തിരികെ നല്‍കുമെന്ന് അന്ത്യശാസനം നല്കി. തുടര്‍ന്ന് കരാറുകാരന് പരാതിയുമായി ആലപ്പുഴ വിജിലന്‍സ് യൂണിറ്റിനെ സമീപിച്ചു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞത് അനുസരിച്ച് കൈക്കൂലി നല്‍കാമെന്ന് എന്‍ജിനീയറെ കരാറുകാരന് വിശ്വസിപ്പിച്ചു. രാവിലെ പുതുപ്പള്ളിയില്‍ വീട്ടിലെത്താന്‍ ഉദ്യോഗസ്ഥന് പറഞ്ഞു. വേഷം മാറി വിജിലന്‍സ് സംഘവും ഒപ്പം ചെന്നു. കൈക്കൂലി വാങ്ങിയതിന് പിന്നാലെ ഉദ്യോഗസ്ഥനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് സംഘം പരിശോധന നടത്തി. തുടര്‍ന്ന് പ്രതിയെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ഇതിന് പിന്നാലെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഇടപെടലിലൂടെ കുറ്റക്കാരനായ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തത്.
Story Highlights – Kayamkulam municipality, assistant engineer, suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here