നെടുങ്കണ്ടം കസ്റ്റഡി മരണം; ഡോക്ടർമാരും പൊലീസും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടെന്ന് അന്വേഷണ കമ്മീഷൻ

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഡോക്ടർമാർക്ക് ജുഡീഷ്യൽ കമ്മീഷന്റെ രൂക്ഷവിമർശനം. രാജ്കുമാറിനെ ചികിത്സിച്ച നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോക്ടർ പദ്മദേവ് പിഎൻ, പീരുമേട് ആശുപത്രിയിലെ ഡോ.ശ്യാം, കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർ ലെവിൻ തോമസ് എന്നിവരെയാണ് ഇന്ന് വിസ്തരിച്ചത്.
Read Also: നെടുങ്കണ്ടം കസ്റ്റഡി മരണം; അന്വേഷണം സിബിഐ ഏറ്റെടുത്തു
രാജ്കുമാറിനെ ആശുപത്രിയിൽ കൊണ്ടുവന്നത് നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കമ്മീഷന് മൊഴി നൽകി. പൊലീസ് മർദനമേറ്റെന്ന് രാജ്കുമാർ പറഞ്ഞില്ല. സംസാരം വ്യക്തമായിരുന്നില്ല. പുറമേ കാര്യമായ പരുക്ക് കണ്ടില്ല. ശരീരം മുഴുവനായി പരിശോധിച്ചില്ലെന്നും ഡോക്ടർ മൊഴി നൽകി. മജിസ്‌ടേറ്റിന് മുന്നിൽ ഹാജരാക്കാനെന്ന് പറഞ്ഞതിനാലാണ് അഡ്മിറ്റ് ചെയ്യാതെ വിട്ടയച്ചത്.
കസ്റ്റഡിയിൽ ഉള്ള പ്രതി പൊലീസിനെതിരെ പറയുമോയെന്ന് ഡോക്ടറോട് കമ്മീഷൻ ചോദിച്ചു. ഡോക്ടർമാർ പൊലീസിന്റെ അടിമകൾ അല്ല. ഡോക്ടർമാരും പൊലീസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും നാരായണ കുറുപ്പ് കമ്മീഷൻ പറഞ്ഞു. റീപോസ്റ്റ്‌മോർട്ടത്തിൽ ശരീരത്തിന്റെ പുറത്ത് വലിയ മുറിവുകളും ചതവുകളും കണ്ടെത്തിയിരുന്നു. മർദനമേറ്റതിന് തെളിവുകളുണ്ട് എന്നിട്ടും പരിശോധനയിൽ കണ്ടില്ലെന്ന് പറയുന്നത് ഗുരുതര വീഴ്ചയാണെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ് വിമർശിച്ചു. നാളെ രാജ്കുമാറിനെ ആദ്യം പരിശോധിച്ച ഡോക്ടർ വിഷ്ണുവിന്റെ മൊഴി കമ്മീഷൻ രേഖപ്പെടുത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here