ഓസ്ട്രേലിയൻ കാട്ടു തീ ദുരിതാശ്വാസ മത്സരത്തിന് യുണിസെക്സ് ടീം: വോൺ ഇല്ല; പോണ്ടിംഗും ഗിൽക്രിസ്റ്റും നയിക്കും

ഓസ്ട്രേലിയൻ കാട്ടു തീയിൽ പെട്ടവർക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നടത്തുന്ന മത്സരത്തിന് യുണിസെക്സ് ടീമുകൾ. ഇരു ടീമുകളിലുമായി മൂന്ന് വനിതാ താരങ്ങളാണ് കളിക്കുക. ഒരു ടീമിൽ ഒരു കളിക്കാരനെ കൂടി തീരുമാനിക്കാനുണ്ട്. അത് മറ്റൊരു വനിതാ താരമാകും എന്നാണ് വിവരം.
മുൻ ഓസീസ് താരങ്ങളായ റിക്കി പോണ്ടിംഗും ആദം ഗിൽക്രിസ്റ്റുമാണ് ടീമുകളെ നയിക്കുക. പോണ്ടിംഗും ഇതിഹാസ സ്പിന്നർ ഷെയിൻ വോണും നായകരാവുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു എങ്കിലും ഇപ്പോൾ വോൺ ഇല്ലാതെയാണ് ടീം ലിസ്റ്റ് ഇറങ്ങിയിരിക്കുന്നത്. റിക്കി പോണ്ടിംഗിൻ്റെ ടീമിൽ ഓസീസ് താരം എലിസ് വിലാനിയും യുവതാരം ഫീബി ലിച്ച്ഫീൽഡുമാണ് വനിതാ താരങ്ങളായി ഉള്ളത്. മാത്യു ഹെയ്ഡൻ, ജസ്റ്റിൻ ലാംഗർ, ബ്രാഡ് ഹാഡിൻ, ഡാൻ ക്രിസ്ത്യൻ, ബ്രെറ്റ് ലീ എന്നിവരാണ് റിക്കി പോണ്ടിംഗിൻ്റെ നിരയിലുള്ള ഓസീസ് താരങ്ങൾ. ബ്രയാൻ ലാറ (വെസ്റ്റ് ഇൻഡീസ്), വസിം അക്രം (പാകിസ്താൻ) എന്നിവരോടൊപ്പം മുൻ ഓസ്ട്രേലിയൻ റഗ്ബി താരം ലുക്ക് ഹോഡ്ജും മത്സരത്തിന് ഇറങ്ങും. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറാണ് പോണ്ടിംഗ് ഇലവൻ്റെ പരിശീലകൻ.
ഗിൽക്രിസ്റ്റ് ഇലവനിൽ മുൻ ഓസീസ് താരം അലക്സ് ബ്ലാക്വെൽ മാത്രമാണ് വനിതാ പ്രതിനിധി. ഷെയിൻ വാട്സൺ, ബ്രാഡ് ഹോഡ്ജ്, ആൻഡ്രൂ സൈമണ്ട്സ്, പീറ്റർ സിഡിൽ, ഫവാദ് അഹ്മദ് എന്നീ ഓസീസ് താരങ്ങൾ ടീമിൽ കളിക്കും. ഒപ്പം മുൻ ഇന്ത്യൻ താരം യുവരാജ് സിംഗും ഓസീസ് മുൻ റഗ്ബി താരം നിക്ക് റീവോൾട്ടും ടീമിൽ കളിക്കും. നേരത്തെ പരിശീലക റോളിലായിരുന്ന വിൻഡീസ് ഇതിഹാസം കോർട്നി വാൽഷ് ടീമിൽ ഉൾപ്പെട്ടു. പകരം ടിം പെയ്നാണ് ഗിൽക്രിസ്റ്റ് ഇലവനെ പരിശീലിപ്പിക്കുക.
വരുന്ന ഞായറാഴ്ച ഉച്ച തിരിഞ്ഞ് 3.15നാണ് മത്സരം. 10 ഓവറായിരിക്കും കളി.
Story Highlights: Australian Bushfire, Cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here