പുനഃപരിശോധനാ ഹർജികൾ നിയമപ്രശ്‌നം ചൂണ്ടിക്കാട്ടി വിശാല ബെഞ്ചിന് വിടാൻ കഴിയുമോ? സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് പരിശോധിക്കും

പുനഃപരിശോധനാ ഹർജികൾ നിയമപ്രശ്‌നം ചൂണ്ടിക്കാട്ടി വിശാല ബെഞ്ചിന് വിടാൻ കഴിയുമോയെന്ന് സുപ്രിംകോടതി ഒൻപതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് പരിശോധിക്കും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്. ശബരിമല യുവതി പ്രവേശന വിധി ചോദ്യം ചെയ്ത പുനഃപരിശോധനാ ഹർജികളിൽ മറ്റ് വിശ്വാസ വിഷയങ്ങളും കൂട്ടിച്ചേർത്ത് വിശാലബെഞ്ചിന് വിട്ടത് ഭരണഘടനാ വിദഗ്ധർ ചോദ്യം ചെയ്തിരുന്നു.
ശബരിമല പുനഃപരിശോധനാ ഹർജികൾ പരിഗണിക്കവേയാണ് മറ്റ് മൂന്ന് സമുദായങ്ങളിലെ വിശ്വാസ വിഷയങ്ങളും ചേർത്ത് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിശാല ബെഞ്ചിന് വിട്ടത്. ഏഴ് പരിഗണനാ വിഷയങ്ങളും നിർദേശിച്ചിരുന്നു. ഒൻപതംഗ വിശാല ബെഞ്ചിന്റെ ആദ്യ സിറ്റിംഗ് തിങ്കളാഴ്ച തുടങ്ങിയ ഉടൻ പുനഃപരിശോധനാ ഹർജികൾ വിശാല ബെഞ്ചിന് വിട്ടത് ഭരണഘടനാ വിദഗ്ധനായ ഫാലി എസ്. നരിമാൻ ചോദ്യം ചെയ്തു. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ഇന്ദിരാ ജയ്‌സിംഗ്, ശ്യാം ദിവാൻ എന്നിവരും എതിർപ്പുമായി രംഗത്തെത്തി.
Read Also : ശബരിമല തിരുവാഭരണം അവകാശ തർക്കം; വ്യക്തിപരമായ സ്വത്തല്ലെന്ന് സുപ്രിംകോടതി
മുഖ്യവിധിയിലെ തെറ്റുകൾ പരിശോധിക്കാൻ മാത്രമാണ് പുനഃപരിശോധനാ ഹർജി. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അഞ്ചംഗ ബെഞ്ച് വാദം കേട്ട് തീർപ്പാക്കിയതാണെന്നും വീണ്ടും വിശാല ബെഞ്ച് പരിഗണിക്കുന്നത് ഉചിതമല്ലെന്നും ഫാലി എസ്. നരിമാൻ നിലപാടെടുത്തു. വിശാല ബെഞ്ചിന് വിടണമായിരുന്നെങ്കിൽ അഞ്ചംഗ ബെഞ്ചിന്റെ വിധിക്ക് മുൻപ് ആവണമായിരുന്നു. ഇല്ലെങ്കിൽ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും അഭിഭാഷകർ വ്യക്തമാക്കി. മുതിർന്ന അഭിഭാഷകരുടെ എതിർപ്പുയർന്ന സാഹചര്യത്തിൽ വിശാല ബെഞ്ചിന് വിട്ട അഞ്ചംഗ ബെഞ്ചിന്റെ നടപടിയുടെ സാധുത ആദ്യം പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു.
Story highlights- Supreme Court,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here