രക്ഷാപ്രവര്‍ത്തകര്‍ക്ക് ദാരുണാന്ത്യം ; തുര്‍ക്കിയിലെ മഞ്ഞ്‌വീഴ്ച്ചയില്‍ മരിച്ചവരുടെ എണ്ണം 38 ആയി

തുർക്കിയിൽ കനത്ത മഞ്ഞുവീഴ്ച്ച. മരിച്ചവരുടെ എണ്ണം 38 ആയി. നിരവധി പേർ ഇപ്പോഴും മഞ്ഞിനടിയിൽ കുടുങ്ങികിടക്കുന്നതായി റിപ്പോർട്ട്. മരിച്ചവരിൽ 33 പേർ രക്ഷാപ്രവർത്തകരാണ്.
നേരത്തെ ഉണ്ടായ മഞ്ഞുവീഴ്ച്ചയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നതിനിടെ വീണ്ടും മഞ്ഞുപാളികൾ അടർന്ന് വീഴുകയായിരുന്നു.
ചൊവ്വാഴ്ച്ചയാണ് ഇറാൻ അതിർത്തി പ്രവിശ്യയായ വാനിലെ ബഹ്സാരേ പട്ടണത്തിലെ മലയോര പാതയിൽ ആദ്യ മഞ്ഞുവീഴ്ച്ചയുണ്ടായത്. അപകടത്തെ തുടർന്ന് അഞ്ച് പേർ മരിച്ചിരുന്നു. ഇതോടെയാണ് മഞ്ഞിൽ കുടുങ്ങി കിടന്ന രണ്ട് പേരെ രക്ഷിക്കാനായി ദുരന്ത നിവാരണ സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തിയത്. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ വീണ്ടും മഞ്ഞുപാളികൾ അടർന്നു വീഴുകയായിരുന്നു.
ഇതുവരെ 33 രക്ഷാ പ്രവർത്തകരുടെ മൃതദേഹങ്ങളാണ് പുറത്തെടുക്കാനായത്. ബാക്കി ഉള്ളവർക്കായി തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. 30 പേരെ രക്ഷപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേസമയം, മരണനിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here