Advertisement

നാലു വിക്കറ്റുകൾ നഷ്ടം; ഇന്ത്യ പതറുന്നു

February 8, 2020
Google News 1 minute Read

ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ പതറുന്നു. ന്യൂസിലൻഡ് മുന്നോട്ടു വെച്ച 274 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് നാലു വിക്കറ്റുകൾ നഷ്ടപ്പെട്ടു കഴിഞ്ഞു. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യക്ക് ഈ മത്സരത്തിൽ വിജയിക്കേണ്ടത് അത്യാവശ്യമാണ്. നിലവിൽ 14 ഓവർ അവസാനിക്കവേ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 71 എന്ന നിലയിലാണ്. ശ്രേയാസ് അയ്യർ (22), കേദാർ ജാദവ് (0) എന്നിവരാണ് ക്രീസിൽ.

21 റൺസെടുക്കുമ്പോഴേക്കും ഇന്ത്യക്ക് ഓപ്പണർ മായങ്ക് അഗർവാളിനെ നഷ്ടമായി. 3 റൺസെടുത്ത അഗർവാളിനെ ഹാമിഷ് ബെന്നറ്റ് റോസ് ടെയ്ലറുടെ കൈകളിൽ എത്തിച്ചു. നന്നായി തുടങ്ങിയ യുവ താരം പൃഥ്വി ഷായും വേഗം മടങ്ങി. 19 പന്തുകളിൽ 24 റൺസെടുത്ത ഷായെ അരങ്ങേറ്റ താരം കെയിൽ ജെമീസൺ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ക്യാപ്റ്റൻ വിരാട് കോലി (15) കൂടി മടങ്ങിയതോടെ ഇന്ത്യ പതറി. കോലിയെ സൗത്തി ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ലോകേഷ് രാഹുലിനും (4) ഏറെ നേരം ക്രീസിൽ തുടരാനായില്ല. കോളിൻ ഡി ഗ്രാൻഡ്‌ഹോമിൻ്റെ പന്തിൽ രാഹുൽ പ്ലെയ്ഡ് ഓണായി.

ന്യൂസിലൻഡിൻ്റെ അരങ്ങേറ്റ പേസർ കെയിൽ ജെമീസൺ സ്വിംഗ് കൊണ്ടും കൃത്യത കൊണ്ടും വിസ്മയിപ്പിക്കുകയാണ്. ഉയരക്കാരനായ ജെമീസണ് അനായാസം ബൗൺസ് കണ്ടെത്താൻ കഴിയുന്നു എന്നതും ന്യൂസിലൻഡിനു ഗുണകരമാവും. ജെമീസൺ ബാറ്റു കൊണ്ടും തിളങ്ങിയിരുന്നു. ഒൻപതാം വിക്കറ്റിൽ റോസ് ടെയ്‌ലറുമായി അപരാജിതമായ 76 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ ജെമീസൺ
24 പന്തുകളിൽ ഒരു ബൗണ്ടറിയും രണ്ട് സിക്സറുകളും അടക്കം 25 റൺസെടുത്ത് പുറത്താവാതെ നിന്നു.

നേരത്തെ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 273 റൺസ് നേടിയത്. 79 റൺസെടുത്ത ഓപ്പണർ മാർട്ടിൻ ഗപ്റ്റിലാണ് കിവീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി യുസ്‌വേന്ദ്ര ചഹാൽ മൂന്നു വിക്കറ്റ് വീഴ്ത്തി. മികച്ച രീതിയിൽ തുടങ്ങിയ കിവീസിന് മധ്യനിര ബാറ്റ്സ്മാന്മാരുടെ ദയനീയ പ്രകടനമാണ് തിരിച്ചടി ആയത്.

Story Highlights: India, New Zealand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here